Site iconSite icon Janayugom Online

തേജസ്വി യാദവിന് രാഘോപൂരിൽ വിജയം

കടുത്ത പോരാട്ടത്തിനൊടുവില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് ജയം. കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാഘോപൂരിൽ എൻഡിഎ സ്ഥാനാർത്ഥി സതീഷ് കുമാർ യാദവിനെ 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കീഴടക്കിയത്.

ആർജെഡിയുടെ ശക്തികേന്ദ്രമായ രാഘോപൂരില്‍ ഇടയ്ക്ക് തേജസ്വി പിന്നിലായത് രാഷ്ടീയനിരീക്ഷകരെ അമ്പരപ്പിച്ചിരുന്നു. തേജസ്വി യാദവിൻ്റെ പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവും അമ്മ റാബ്രി ദേവിയും ഈ സീറ്റ് കൈവശം വെച്ചിരുന്നു. 2015 മുതൽ തേജസ്വി യാദവാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2020‑ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം 38,000‑ത്തിലധികം വോട്ടുകൾക്ക് ഈ സീറ്റിൽ വിജയിച്ചിരുന്നു. 2010‑ലെ തിരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർത്ഥിയായി മത്സരിച്ച സതീഷ് യാദവ്, റാബ്രി ദേവിയെ പരാജയപ്പെടുത്തിയിരുന്നു.

അതേസമയം ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും ജനശക്തി ജനതാദൾ സ്ഥാപകനുമായ തേജ് പ്രതാപ് യാദവ് പരാജയപ്പെട്ടു. ബിഹാറിലെ വൈശാലി ജില്ലയിലെ മഹുവ നിയോജകമണ്ഡലത്തില്‍ നിന്നാണ് തേജ് പ്രതാപ് യാദവ് മത്സരിച്ചത്. ലോക് ജൻശക്തി പാർട്ടിയുടെ (രാം വിലാസ്) സഞ്ജയ് കുമാർ സിങ് ഇവിടെ 87,000 വോട്ടുകൾ നേടി വിജയിച്ചു. ആർജെഡിയുടെ മുകേഷ് കൗർ റൗഷാണ് 35,703 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയത്. മേയ് 25‑നാണ് ലാലു പ്രസാദ് തേജ് പ്രതാപിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കുന്നത്. തുടര്‍ന്ന് ജനശക്തി ജനതാദൾ എന്ന പുതിയ പാര്‍ട്ടി രൂപികരിക്കുകയായിരുന്നു.

Exit mobile version