Site iconSite icon Janayugom Online

തെലങ്കാന തെരഞ്ഞെടുപ്പ്; കര്‍ഷകര്‍ക്കുള്ള സാമ്പത്തിക വിതരണം നിര്‍ത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഋതു ബന്ധു പദ്ധതി പ്രകാരം കർഷകർക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് നൽകിയ അനുമതി തെരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചു. മന്ത്രി പരസ്യപ്രസ്താവന നടത്തിയതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്മിഷന്റെ നടപടി. റാബി കര്‍ഷകര്‍ക്കായി കെ സി ചന്ദ്രശേഖര റാവു സര്‍ക്കാര്‍ ആരംഭിച്ച ഋതു ബന്ധു പദ്ധതിയാണ് ഉടനടി നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് റാലിയില്‍ മന്ത്രി സാമ്പത്തിക സഹായം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. കര്‍ഷകര്‍ക്കും പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്കും പ്രവര്‍ത്തന മൂലധനമായി 5,000 രൂപ നല്‍കുന്ന പദ്ധതിയാണ് ഇത്. വിത്തും വളവും വാങ്ങുന്നതിനാണ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരുന്നത്. 

ഈമാസം 30നാണ് തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഭാരത് രാഷ്ട്ര സമിതി നേതാവും ധനമന്ത്രിയുമായ ടി ഹരീഷ് റാവുവാണ് ധനസഹായവിതരണം സംബന്ധിച്ച പരസ്യപ്രസ്താവന നടത്തിയത്. കഴിഞ്ഞ മാസം 24 ന് കമ്മിഷന്‍ പദ്ധതി വഴി തുക വിതരണം ചെയ്യുന്നതിന് അനുമതി നല്‍കിയിരുന്നു. പുതിയ ഗുണഭോക്താക്കളെ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്താന്‍ പാടില്ലെന്നുമുള്ള കര്‍ശന വ്യവസ്ഥയോടെയായിരുന്നു അ­നുമതി. എന്നാല്‍ ധനമന്ത്രി ഹരീഷ് റാവു പൊതുയോഗങ്ങളില്‍ വിഷയം ഉയര്‍ത്തിക്കാട്ടിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ധനസഹായ വിതരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. 

Eng­lish Summary:Telangana Elec­tion; Elec­tion Com­mis­sion to stop finan­cial dis­tri­b­u­tion to farmers
You may also like this video

YouTube video player
Exit mobile version