Site iconSite icon Janayugom Online

തെലങ്കാന ടണല്‍ ദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് റോബോട്ടുകളെ വിന്യസിക്കും

തെലങ്കാനയിലെ ടണല്‍ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ റോബോട്ടുകളെ വിന്യസിക്കാന്‍ തീരുമാനം. തെലങ്കാന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ (എസ്എല്‍ബിസി) നിര്‍മ്മാണത്തിനിടെയാണ് 14 കിലോമീറ്റര്‍ ഉള്ളിലായി എട്ട് പേര്‍ കുടുങ്ങിയത്. 15 ദിവസമായി യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അടുത്തെത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഇതിനിടെയാണ് പ്രദേശത്ത് റോബോട്ടുകളെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച മുതല്‍ റോബോട്ടുകളായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. 

70 മീറ്ററോളം ആഴമുള്ള ടണലില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ശ്രമകരമാണെന്ന് അവലോകനയോഗത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്ന ഏജന്‍സികള്‍ അറിയിച്ചതോടെയാണ് റോബോട്ടിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. ജലസേചന വകുപ്പ് മന്ത്രി എന്‍ ഉത്തം കുമാര്‍, പ്രത്യേക ചീഫ് സെക്രട്ടറി (ദുരന്തനിവാരണം) അരവിന്ദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. തകര്‍ന്നുവീണ ഭാഗത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതോടെ കൂടുതല്‍ മണ്ണും ചെളിയും പുറത്തേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇത് ഏറെ അപകടമാണെന്നും ജിയോളജിക്കല്‍ സര്‍വേ പ്രതിനിധികള്‍ അറിയിച്ചു. 

Exit mobile version