Site iconSite icon Janayugom Online

ക്ഷേത്ര‑പള്ളി തര്‍ക്കം; മോഹന്‍ ഭാഗവതിനെ തള്ളി ആര്‍എസ്എസ്

ക്ഷേത്ര — പള്ളി തര്‍ക്കത്തില്‍ സംഘടനാ തലവന്‍ മോഹന്‍ ഭാഗവതിന്റെ നിലപാട് തള്ളി ആര്‍എസ്എസ്. മുഖമാസികയായ ഓര്‍ഗനൈസര്‍ മുഖപ്രസംഗത്തിലാണ് ഭാഗവതിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. മുസ്ലിം പള്ളിയില്‍ ക്ഷേത്രമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തുന്ന പരിപാടി അവസാനിപ്പിക്കണമെന്ന ഭാഗവതിന്റെ പ്രസ്താവനയാണ് വിവാദത്തിലായയത്. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള പുരോഹിതന്‍ മോഹന്‍ ഭാഗവതിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയും ഭാഗവതിന്റെ ആശയങ്ങള്‍ പിന്തുടരേണ്ട ആവശ്യമില്ലെന്ന് പ്രതികരിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുഖപ്രസംഗം എന്നതും ശ്രദ്ധേയമാണ്. 

സോമനാഥ് ക്ഷേത്രം മുതല്‍ ഉത്തര്‍പ്രദേശിലെ സംഭാല്‍ പള്ളി വരെ സര്‍വേ നടത്തുന്നത് നീതി തേടുന്നതിനുള്ള പോരാട്ടമാണെന്ന് ലേഖനം പറയുന്നു. ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഭുല ഖേത്കര്‍ ആണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ‘സംഭാല്‍ പള്ളിയില്‍ സര്‍വേ നടത്താനുള്ള തീരുമാനം ജനങ്ങളുടെ ഇച്ഛയാണ് കാട്ടുന്നത്. ഹരിഹര്‍ മന്ദിറായിരുന്ന ക്ഷേത്രമാണ് പിന്നീട് മസ്ജിദായി മാറ്റിയെടുത്തത്. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം സ്ഥാപിക്കുകയാണ് ക്ഷേത്ര ഭാരവാഹികള്‍ സര്‍വേ നടപടിയിലൂടെ ലക്ഷ്യമിട്ടത്. ചരിത്ര സത്യങ്ങളെ വിസ്മരിച്ചുള്ള യാതൊന്നും സര്‍വേയിലുടെ നടത്തിയിട്ടില്ല. 

ദേശീയ ഐക്യം കാത്തുസൂക്ഷിക്കാനും നാഗരിക നീതി നേടിയെടുക്കുന്നതിനുമുള്ള ശ്രമമാണ് ഹിന്ദു സംഘടനകളും വ്യക്തികളും നടത്തുന്നത്. ജാതി വ്യവസ്ഥ നടപ്പിലാക്കിയത് കോണ്‍ഗ്രസാണ്. സാമൂഹ്യ നീതി ഉറപ്പ് വരുത്തുന്നതിന് പകരം ജാതി വിഭജനം നടത്തി കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടം കൈവരിക്കുകയായിരുന്നു‘വെന്നാണ് മുഖപ്രസംഗം പറയുന്നത്. രാജ്യം രണ്ടായി വിഭജിക്കപ്പെട്ട ശേഷം കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാരും വിദേശികളെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നു.

ഈമാസം 19 ന് പൂനെയില്‍ നടന്ന പ്രഭാഷണ പരിപാടിയിലാണ്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം സ്വീകരിക്കണമെന്നും ഇനി ക്ഷേത്ര — പള്ളി തര്‍ക്കം അനാവശ്യമാണെന്നും മോഹന്‍ ഭാഗവത് പ്രതികരിച്ചത്. ഐക്യത്തോടെ ജീവിക്കുന്ന ജനസമൂഹമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ബാബ്റി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിച്ചശേഷം ആ മാതൃക പിന്തുടരാനുള്ള ചില നേതാക്കളുടെ പരിശ്രമം മുളയിലേ നുള്ളണമെന്നും ഭാഗവത് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് ആര്‍എസ്എസ് മുഖമാസിക കടുത്ത വിയോജിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി — അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ക്കെതിരെ മോഹന്‍ ഭാഗവത് സമീപകാലങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിലുള്ള അതൃപ്തിയും ലേഖനത്തില്‍ പരാക്ഷമായി സൂചിപ്പിക്കുന്നുണ്ട്. 

Exit mobile version