Site iconSite icon Janayugom Online

നീലേശ്വരം വെടിക്കെട്ട് അപകടക്കേസിൽ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഒളിവിൽ

നീലേശ്വരം തെരു അഞ്ഞൂ റ്റമ്പലം വീരർകാവ് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ ഹൊസ്ദുർഗ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഒളിവിൽ പോയി.
ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, കമ്മിറ്റി സെക്രട്ടറി കെ ടി ഭരതൻ എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ത്രേട്ട് (രണ്ട്) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ചന്ദ്രശേഖരന്റെയും ഭരതന്റെയും കേസിലെ മറ്റൊരു പ്രതിയായ പി രാജേഷിന്റെയും ജാമ്യം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. ജാമ്യമെടുക്കാൻ ആരുമില്ലാത്തതിനാൽ രാജേഷ് ജയിലിൽ തന്നെയാണ്. 

ജാമ്യത്തിലിറങ്ങിയ മറ്റു രണ്ട് പ്രതികൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് ജില്ലാ കോടതി നിർദേശം നൽകിയത്. നേരത്തെ ഹൊസ്ദുർഗ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയിരുന്നത്. ഈ ജാമ്യം റദാക്കണമെന്നാ വശ്യ പ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്‍പി ബാബു പെരിങ്ങേത്താണ് ജില്ലാ കോടതിയിൽ ഹരജി നൽകിയത്. ഹൊസ്ദുർഗ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
രണ്ട് പ്രതികളുടെയും വീട്ടുകളിൽ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ നാട്ടിൽ നിന്നും മുങ്ങിയതായി പോലീസ് പറഞ്ഞു. നാലുപേർ മരിച്ച സാഹചര്യത്തിൽ ഭാരതീയ ന്യായസംഹിത പ്രകാരം ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. 

Exit mobile version