Site iconSite icon Janayugom Online

വഴിപാടായി മധുരപലഹാരങ്ങള്‍ വേണ്ടെന്ന് പ്രയാഗ് രാജിലെ ക്ഷേത്ര കമ്മിറ്റികള്‍

ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ വിവിധ ക്ഷേത്രങ്ങളില്‍ വഴിപാടായി മധുരപലഹാരങ്ങള്‍ നല്‍കേണ്ടെന്ന് ക്ഷേത്ര കമ്മിറ്റികള്‍. പേഡ, ലഡു എന്നിവയുള്‍പ്പെടെ വഴിപാടായി നല്‍കേണ്ടെന്നും പകരം പഴങ്ങളും, പൂക്കളും നല്‍കാനുമാണ് നിര്‍ദ്ദേശം. ശ്രീ മന്‍കാമേശ്വര്‍ മഹാദേവ ക്ഷേത്രം, അലോപ് ശങ്കരി ദേവി ക്ഷേത്രം, ബഡേ ഹനുമാന്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് പുതിയ നിയന്ത്രണങ്ങള്‍.

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെയാണ് തീരുമാനം. ക്ഷേത്രങ്ങളില്‍ ദേവതകള്‍ക്ക് വഴിപാടായി മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും പകരം തേങ്ങ, ഫലവര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്ട്‌സ്, ഏലം എന്നിവ ഉപയോഗിക്കാനും തീരുമാനിച്ചതായി പ്രയാഗ്‌രാജിലെ പ്രശസ്തമായ ലളിത ദേവി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ മുറാത് മിശ്ര പറഞ്ഞു.

ഭക്തര്‍ക്ക് കലര്‍പ്പില്ലാത്ത മധുരപലഹാരങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ ക്ഷേത്രപരിസരത്ത് തന്നെ തുറക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് പുറത്തുള്ള മധുരപലഹാരങ്ങളുടെ സാമ്പിള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വിവാദമായിരുന്നു.

മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചത് എന്നുമായിരുന്നു നായിഡുവിന്റെ ആരോപണം.

Exit mobile version