Site iconSite icon Janayugom Online

ബ്രാഹ്മണപൂജാരിയുള്ള ക്ഷേത്രങ്ങൾ ബഹിഷ്കരിക്കുക

പിന്നാക്കജാതിക്കാർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതുകൊണ്ട് കേരളത്തിലെ നാടോടി വിജ്ഞാനീയത്തിന് നല്ലൊരു സംഭാവനകിട്ടി. ആദ്യമായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറാൻ കഴിഞ്ഞവരിൽ ആരുടെയോ മനസിൽ മുളച്ച ഒരു പാട്ടാണത്. ജീവിതപങ്കാളിയോട് പറയുന്ന രീതിയിൽ: ‘തന്തോയം തന്തോയം തന്തോയം മാലേ തന്തോയം തന്തോയം തന്തോയം മാലേ നമ്മക്കും ചേത്രത്തിപോകാം തൈവത്തെ തൊട്ടുതൊയാമേ…’ ഇങ്ങനെ ആരംഭിക്കുന്ന ആ പാട്ടിൽ ക്ഷേത്രത്തിൽക്കണ്ട കാഴ്ചകൾ പറയുന്നുണ്ട്. ബ്രാഹ്മണ പൂജാരിയാണ് അവിടെയുള്ളത്. അയാൾ വിഗ്രഹത്തെ വലംവയ്ക്കുകയും ശംഖു വിളിക്കുകയും ചന്ദനം നുള്ളി എറിയുകയും ചെയ്യുന്നുണ്ട്. ‘കക്കയെടുത്തങ്ങൂതണ തമ്പ്രാൻ ചന്ദനം വാരിയെറിയണ തമ്പ്രാൻ ഉള്ളിലെ കല്ലിൽ കറങ്ങണ തമ്പ്രാന്‍…’ ബ്രാഹ്മണപൂജാരിയുടെ ഈ അഭ്യാസങ്ങൾ കണ്ട കവി സ്വന്തം അഭിപ്രായം കവിതയിൽ പ്രതിഫലിപ്പിച്ചു. അതിങ്ങനെയാണ്: ‘പോറ്റിത്തമ്പ്രാക്കൻമാരെല്ലാം വെറും പോയൻമാരാണെടീ മാലേ’. പോയൻ എന്ന ദളിത് പദം നമ്പൂരിമലയാളത്തിലേക്ക് മാറ്റിയാൽ ഭോഷൻ. ഈ സാക്ഷിമൊഴിയുണ്ടായിട്ട് പതിറ്റാണ്ടുകൾ എത്രകഴിഞ്ഞു! ഇപ്പോഴും ഒരു മാറ്റവും ഉണ്ടായില്ലല്ലോ.

പ്രസിദ്ധ ദൈവശാലകളിലെല്ലാം പൂജാരിമാർ ബ്രാഹ്മണർ തന്നെ. അവരാണെങ്കിലോ, ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ കാര്യമൊന്നും കണ്ടില്ലെന്നു നടിച്ച് മനുഷ്യവിരുദ്ധ ദുരാചാരങ്ങൾ തുടരുകയാണ്. ബ്രാഹ്മണപൂജാരിക്ക് അസുഖം വന്ന് ആശുപത്രിയിൽ ചെന്നാൽ ഡോക്ടർ, ചന്ദനം എറിഞ്ഞുകൊടുക്കേണ്ട ദളിതനായാലും ദേഹപരിശോധനയ്ക്ക് കിടന്നുകൊടുക്കും. പക്ഷേ അമ്പലത്തിൽ വന്നാൽ കാര്യം മാറി. എല്ലാ ദുരാചാരങ്ങളുടെയും കലവറയണല്ലോ ക്ഷേത്രം. അവിടെ രാജ്യംഭരിക്കുന്ന മന്ത്രിയാണെങ്കിൽപ്പോലും അയിത്തം പാലിച്ചിരിക്കും. അതാണ് ഉത്കൃഷ്ടമെന്ന് കൊട്ടിഘോഷിക്കപ്പെട്ട സനാതന ധര്‍മ്മം അവരെ പഠിപ്പിച്ചിട്ടുള്ളത്. പെരിയോർ ഇ വി രാമസ്വാമിയുടെ ആശയങ്ങൾ ഉൾക്കൊണ്ട തമിഴ്‌നാട്ടിൽ സ്ത്രീകളെ പൂജാരികളായി നിയമിച്ചിട്ടുണ്ട്. രണ്ടു സ്ത്രീകൾ ഇതിനകം അവിടെ മുഖ്യമന്ത്രിമാരും ആയിട്ടുണ്ട്. മലയാളനാടാണെങ്കിലോ സ്വാമി വിവേകാനന്ദൻ ഉത്തരേന്ത്യയെ വിസ്മരിച്ചുകൊണ്ടു നല്‍കിയ ഭ്രാന്താലയ സർട്ടിഫിക്കറ്റ് പൊടിതുടച്ചു വയ്ക്കുന്ന തിടുക്കത്തിലുമാണ്. പയ്യന്നൂരെ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ നടന്നത് ഒറ്റപ്പെട്ടസംഭവമാണോ?. അടഞ്ഞ അധ്യായമെന്ന് ഇരയാക്കപ്പെട്ട മന്ത്രി പറഞ്ഞാലും ആ പുസ്തകം അടയുമോ? ഈ വിഷയത്തിൽ മന്ത്രിയിൽ നിന്നുണ്ടായ സംയമനവും അക്ഷോഭ്യതയും തന്ത്രി സമൂഹത്തിൽ നിന്നും ഉണ്ടായില്ല. അവർ ഒറ്റക്കെട്ടായി അയിത്തം ആചാരമാണെന്ന് പറയുകയാണ്. ഇനിയും ഇത് ആവർത്തിക്കുമെന്ന് അർത്ഥം. ജാതിയും മതവും ഉപേക്ഷിക്കുകയും അവയുടെ ആചാരങ്ങളൊന്നും അനുസരിക്കാതെ ജീവിക്കുകയും മിശ്രവിവാഹത്തിലൂടെ അയിത്തരാഹിത്യം ജീവിതത്തിൽ പുലർത്തുകയും മക്കളുടെ രേഖകളിൽ ജാതിമാലിന്യം വിതറാതിരിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ട്. അവർ ജാതി-മതാതീതമായ മനുഷ്യകുടുംബങ്ങൾ രൂപപ്പെടുത്തി ജീവിക്കുന്നുണ്ട്. എന്നാൽ അവർക്കും, ജാതിഭ്രാന്തുള്ളവർ ഓരോ ജാതി കല്പിച്ചു നൽകിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: വേണ്ടത് വ്യക്തമായ നയതന്ത്രം


ജാതീയമായ ദുരനുഭവങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവപ്പെട്ടിട്ടില്ലാത്ത ആരും കേരളത്തിൽ ഉണ്ടാവുകയില്ല. ആദരണീയനായ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ജാതിമതരഹിതമായ ഒരു സമൂഹത്തെ അഭിവാദ്യം ചെയ്യുന്ന ആളാണ്. ജില്ലാ കൗൺസിൽ മുതൽ നിയമസഭവരെ എത്തുകയും നിയമസഭാധ്യക്ഷൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുകയും ചെയ്ത ബഹുമാന്യവ്യക്തിയാണ്. അദ്ദേഹത്തിന് പോലും ജാതിസംവരണ മണ്ഡലം മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ലോകം ശ്രദ്ധിച്ച കെ ആർ നാരായണനെപ്പോലും ജനറൽ സീറ്റിൽ നിന്ന് ജനവിധിതേടാൻ അനുവദിച്ചിട്ടില്ല. മാറ്റിനിർത്തപ്പെട്ട ജനതയ്ക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിഞ്ഞത്, വിവേചന നിർമ്മാർജനം എന്നതിന്റെ അടിസ്ഥാനത്തിൽ സന്തോഷമുണ്ടാക്കിയ കാര്യമാണ്. അവർ അവിടെ പോവുകയും കാണിക്കവഞ്ചിയിൽ കാശിടുകയും ചെയ്തിട്ടുണ്ട്. ആ സന്തോഷകാലം കഴിഞ്ഞിരിക്കുന്നു. കാരണം ഇത്രയുംകാലം ദൈവവിഗ്രഹങ്ങളെ നോക്കി നേരിട്ടു പ്രാർത്ഥിച്ചിട്ടും അവരുടെ പ്രശ്നങ്ങൾ മാറിക്കിട്ടിയിട്ടില്ല. അതിനാൽ ക്ഷേത്രങ്ങളെ ബഹിഷ്കരിക്കേണ്ടതുണ്ട്. ദേവസ്വം മന്ത്രിക്കു പോലും ദുരനുഭവം ഉണ്ടായസ്ഥിതിക്ക് ബ്രാഹ്മണപൂജാരികൾ ഉള്ള ക്ഷേത്രങ്ങൾ നിശ്ചയമായും ബഹിഷ്കരിക്കേണ്ടതാണ്. അത്തരം ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി ജനങ്ങളുടെ പണം അനുവദിക്കാതിരിക്കാൻ ഏത് പുരോഗമന സർക്കാരും ശ്രദ്ധിക്കേണ്ടതാണ്.

Exit mobile version