Site iconSite icon Janayugom Online

രാജസ്ഥാനിൽ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചുകയറി; 15 മരണം

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചുകയറി 15 പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ഫലോഡിയിലെ ഭാരത് മാലാ എക്‌സ്പ്രസ്‌വേയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. മരിച്ചവരെല്ലാം ട്രാവലറിലെ യാത്രക്കാരാണ്.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് ജോധ്പുരിലേക്ക് മടങ്ങുന്നവര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെല്ലാം ജോധ്പുര്‍ ഫലോഡി മേഖലയില്‍ താമസിക്കുന്നവരാണ്. അമിതവേഗത്തിലെത്തിയ ട്രാവലര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്രാവലറിലുണ്ടായിരുന്ന 15 പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version