Site iconSite icon Janayugom Online

താല്‍ക്കാലിക ജീവനക്കാരിയെ മാറ്റിയത് ആള്‍മാറാട്ടം കണ്ടെത്തിയതുമൂലം: മന്ത്രി ചിഞ്ചുറാണി

പരിയാരം മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായ പി ഒ സതിയമ്മയെ ജോലിയിൽ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
സതിയമ്മ ഇവിടുത്തെ താല്‍­ക്കാലിക ജീവനക്കാരിയല്ല. ലിജിമോൾ എന്ന ആളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്തത്. പണം നൽകിയിരുന്നതും ലിജിമോൾക്കാണ്. പരാതി വന്ന അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ച മുമ്പാണ് സതിയമ്മയ്ക്കെതിരെ പരാതി വന്നത്. പുറത്താക്കിയത് പ്രതികാരനടപടിയോ, പിന്നിൽ രാഷ്ട്രീയമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബശ്രീ വഴിയാണ് സംസ്ഥാനത്ത് പാർട്ട് ടൈം സ്വീപ്പർമാരെ നിയമിക്കുന്നത്. അതിന് അവിടെ ചുമതലയുണ്ടായിരുന്നത് ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനാണ്. ലിജിമോൾ എന്ന പെൺകുട്ടിയെ നിയമിക്കാനാണ് ഫെബ്രുവരിയിൽ യൂണിറ്റ് ക­ത്ത് നൽകിയത്. ആറ് മാസത്തേക്കാണ് കരാർ. ശമ്പളം പോകുന്നതും ലിജിമോളുടെ അക്കൗണ്ടിലേക്കാണ്. പക്ഷേ, ജോലി ചെയ്തത് സതിയമ്മയാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് പരിശോധിക്കും. അടുത്ത തവണ ആവശ്യമെങ്കിൽ ഇവരെ പരിഗണിക്കുമെന്നും മ­ന്ത്രി പറ‍ഞ്ഞു. മുൻ മുഖ്യമന്ത്രി ഉ­മ്മൻചാണ്ടിയെക്കുറിച്ച് ഒരു ടെലിവിഷൻ ചാനലിനോട് സംസാരിച്ചുവെന്ന കാരണത്താലാണ് സ­തിയമ്മയെ പിരിച്ചുവിട്ടതെന്നായിരുന്നു വാർത്തകൾ.
വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പും വിശദീകരണക്കുറിപ്പ് പു­റത്തിറക്കി. അഞ്ച് ദിവസം മുമ്പ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ നിയമിക്കപ്പെട്ട ലിജിമോളല്ല ജോലി ചെയ്യുന്നതെന്ന് കണ്ടെത്തി. ഇത് ശരിയായ നടപടിയല്ലാത്തതിനാൽ യഥാർത്ഥയാൾ തന്നെ ജോലിക്ക് വരണമെന്നായിരുന്നു നിർദേശിച്ചത്. ലിജിമോൾക്ക് ഇനി ഒരു മാസം കൂടി ജോലി ചെയ്യാനാവും. ലിജിമോൾ വരുന്നതിന് മുമ്പ് സതിയമ്മ അവിടെ ജോലി ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് ലിജിമോളല്ല ജോലി ചെയ്യുന്നതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി ഡയറക്ടർ പരിശോധിച്ചതെന്നും വകുപ്പ് അധികൃതർ പറഞ്ഞു.

you may also like this video;

Exit mobile version