നരേന്ദ്രമോഡി അധികാരത്തിലേറി പത്ത് കൊല്ലത്തിനിടെ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത് 16.11 ലക്ഷം കോടിയെന്ന് കണക്കുകള്‍. ഇതില്‍ 12 ലക്ഷം കോടിയും കോര്‍പറേറ്റുകളുടേതാണെന്നും വിവരം പുറത്തുവന്നു. കേന്ദ്രധനകാര്യ സഹമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി വായ്പ എഴുതിത്തള്ളുന്നതില്‍ മുന്‍ സര്‍ക്കാരുകളെയെല്ലാം മോഡി സര്‍ക്കാര്‍ പിന്നിലാക്കി. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ പരമാവധി രണ്ട് ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്. മോഡി ഒരു ദശകം എഴുതിത്തള്ളിയതിന്റെ എട്ടിലൊന്ന് മാത്രമാണിത്.
സൗഹൃദവലയത്തിലുള്ള വന്‍ വ്യവസായികള്‍ക്ക് വേണ്ടി ബാങ്ക് അക്കൗണ്ടുകളിലെ ഇത്രയും വലിയ തുക എഴുതിത്തള്ളുന്നത് രാജ്യത്തെ ഭൂരിപക്ഷത്തോട് കാണിക്കുന്ന വലിയ അനീതിയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ബാങ്ക് ഇടപാടുകാരും നിക്ഷേപകരുമായ സാധാരണ പൗരന്മാര്‍ക്കാണ് ഇതിലൂടെ നഷ്ടമുണ്ടാകുന്നത്. കാരണം എഴുതിത്തള്ളിയ പണം നികത്താന്‍ ഓരോ ചെറിയ സേവനങ്ങള്‍ക്കും ബാങ്കുകള്‍ ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കും. തട്ടിപ്പുകളും ഫണ്ട് ചോര്‍ച്ചയും നിമിത്തം ബാങ്കുകള്‍ക്ക് നഷ‍്ടം നേരിട്ടതിനാലാണ് വായ്പാ നിരക്ക് ഉയരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തട്ടിപ്പുകാരും ഫണ്ട് തട്ടിയെടുക്കുന്ന വ്യവസായികളും നടത്തുന്നത് ക്രിമിനല്‍ പ്രവര്‍ത്തനമാണെങ്കിലും യാതൊരു ശിക്ഷാ നടപടികളും നേരിടേണ്ടിവരുന്നുമില്ല.
2014 ജൂണ്‍ ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ നടന്ന തട്ടിപ്പുകളിലൂടെ ബാങ്കുകള്‍ക്ക് 4.69 ലക്ഷം കോടി നഷ‍്ടപ്പെട്ടതായി, വിവരാവകാശ അപേക്ഷയ‍്ക്ക് മറുപടിയായി ആര്‍ബിഐ അറിയിച്ചിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ വന്‍കിടക്കാരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നുവെന്നും അത് അഴിമതിയാണെന്നും പ്രചരണം നടത്തിയാണ് എന്‍ഡിഎ അധികാരത്തിലേറിയത്. എന്നിട്ട് അവരേക്കാള്‍ എത്രയോ ഇരട്ടി വായ്പയാണ് എഴുതിത്തള്ളിയിരിക്കുന്നത്. ഇതിലൂടെ ഒന്നും രണ്ടും എന്‍ഡിഎ സര്‍ക്കാരുകള്‍ വന്‍ അഴിമതി നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
2008ല്‍ യുപിഎ ഗവണ്‍മെന്റ് 60,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയിരുന്നു. അന്നത്തെ പ്രതിപക്ഷമായ എന്‍ഡിഎയും ബിസിനസ് ദിനപത്രങ്ങളും ജനകീയ ധൂര്‍ത്തെന്നാണ് ഇതിനെ കുറ്റപ്പെടുത്തിയത്. അതേസമയം നരേന്ദ്ര മോഡി സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ അടക്കം 16.11 ലക്ഷം കോടി വായ്പ എഴുതിത്തള്ളിയതിനെ കുറിച്ച് ഇപ്പോള്‍ മൗനംപാലിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. കേന്ദ്രബജറ്റില്‍ വിദ്യാഭ്യാസത്തിന് വകയിരുത്തിയ തുക ഈ എഴുതിത്തള്ളിയതിനേക്കാള്‍ 40 ശതമാനവും ആരോഗ്യമേഖലയ്ക്കുള്ള വിഹിതം 50 ശതമാനത്തിലധികവും കുറവാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.