ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിച്ചതിനുപിന്നാലെ ഡിജിറ്റൽ കോംബാറ്റ് യൂണിഫോമുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ടെൻഡർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു.
ഫാക്ടറികൾ കോർപ്പറേറ്റ് വല്‍ക്കരിക്കാനുള്ള തീരുമാനം കൈക്കൊള്ളുമ്പോൾ, 41 ഓർഡനൻസ് ഫാക്ടറികളുടെ നിലനിൽപ്പിന് സാധ്യമായ എല്ലാ സാമ്പത്തിക, സാമ്പത്തികേതര പിന്തുണയും നൽകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ പ്രതിരോധ മന്ത്രാലയം അടുത്തിടെ നടത്തിയ ടെൻഡർ പ്രകാരം 19 ഡി വ്യവസ്ഥയുള്ള, അതായത് വെറ്റ് പ്രോസസ്സിംഗ്, ഡൈയിംഗ്, പ്രിന്റിംഗ്, ഗാർമെന്റിംഗ് എന്നീ സജ്ജീകരണങ്ങളുള്ള കമ്പനികള്‍ക്ക് മാത്രമാണ് ആർമി യൂണിഫോം നിർമ്മിക്കാന്‍ സാധിക്കുക. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടിസിഎല്ലി (ട്രൂപ്സ് കംഫോര്‍ട്ട് ലിമിറ്റഡ്) ന്റെ നാല് കമ്പനികള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കൂടി കഴിയില്ല.
8,000ത്തോളം തൊഴിലാളികളാണ് കേന്ദ്രസര്‍ക്കാരിന്റെ ടിസിഎല്ലിലുള്ളത്. സായുധ സേനയ്ക്ക് യൂണിഫോം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. എന്നാല്‍ സായുധ സേനയ്ക്ക് 11,70,159 ഡിജിറ്റൽ കോംബാറ്റ് യൂണിഫോമുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം അടുത്തിടെ നടത്തിയ ടെൻഡർമൂലം ടിസിഎല്ലിന് കീഴിലുള്ള നാല് ഓർഡനൻസ് ഫാക്ടറികളിലും നിലവില്‍ തൊഴിലില്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം ചുരുക്കം ചില സ്വകാര്യവ്യവസായങ്ങൾക്ക് മാത്രം കോമ്പോസിറ്റ് മില്ലിന്റെയും വസ്ത്രനിർമ്മാണത്തിന്റെയും പ്രസ്തുത സൗകര്യങ്ങളുള്ള വിധത്തിലാണ് ടെൻഡർ രൂപകല്പന ചെയ്തിരിക്കുന്നതെന്നും ടെന്‍ഡര്‍ പക്ഷപാതപരമാണെന്നും ബിനോയ് വിശ്വം കത്തില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനെ വിഭജിച്ച് കോര്‍പ്പറേറ്റ് ആക്കി മാറ്റിയത്. ഈ സമയത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കരസേനാ ആസ്ഥാനം പുറപ്പെടുവിച്ച ടെൻഡര്‍ റദ്ദാക്കുന്നതിന് ഇടപെടണമെന്നും ഡിജിറ്റലായി പ്രിന്റ് ചെയ്ത കോംബാറ്റ് യൂണിഫോം നിർമ്മിക്കുന്നതിനുള്ള ഇൻഡന്റ് ടിസിഎല്ലിന് കീഴിലുള്ള നാല് ഓർഡനൻസ് ഫാക്ടറികളിൽ സ്ഥാപിക്കണമെന്നും ബിനോയ് വിശ്വം കത്തിലൂടെ ആവശ്യപ്പെട്ടു.
English Summary: Tender for Combat Uniforms should be withdrawn: Binoy Vishwam writes to Defense Minister Rajnath Singh
You may like this video also