Site iconSite icon Janayugom Online

വിരമിക്കലിന്റെ എട്ടാം വാര്‍ഷികത്തില്‍ ആദിവാസി കുട്ടികളെ സന്ദര്‍ശിച്ച് സച്ചിന്‍

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന്റെ എട്ടാം വാര്‍ഷികമായ നവംബര്‍ 16ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ പിന്തുണയ്ക്കുന്ന കുട്ടികള്‍ക്കായുള്ള സാമൂഹിക പദ്ധതികള്‍ സന്ദര്‍ശിച്ചു. പിതാവ് രമേഷ് തെന്‍ഡുല്‍ക്കറുടെ സ്മരണയ്ക്കായി സന്നദ്ധ സംഘടനായ പരിവാരുമായി സഹകരിച്ച് തന്റെ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന സ്‌കൂളിന്റെ നിര്‍മാണവും അദ്ദേഹം വിലയിരുത്തി. കോവിഡ് 19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് മധ്യപ്രദേശിലെ വിദൂര ഗ്രാമമായ സെവാനിയയില്‍ കുട്ടികളെ നേരിട്ട് സന്ദര്‍ശിക്കാന്‍ സച്ചിന്‍ എത്തിയത്.

സച്ചിന്റെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന പരിവാര്‍ സേവാ കുടീരങ്ങള്‍ ഏറ്റവും ദുര്‍ബലരായ ആദിവാസി കുട്ടികള്‍ക്ക് വേണ്ടിയാണ് നടത്തുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം, സൗജന്യ വിദ്യാഭ്യാസം, കായിക പരിശീലനം എന്നിവ ഇവിടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കുട്ടികളുമായും കേന്ദ്രത്തിലെ യുവ അധ്യാപകരുമായും സച്ചിന്‍ സംവദിച്ചു. കുട്ടികള്‍ക്കൊപ്പം കളിക്കാനും സച്ചിന്‍ സമയം കണ്ടെത്തി. പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം പാകം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ അടുക്കളയും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി, തന്റെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന ഒരു സ്‌കൂളിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ സന്ദല്‍പൂരിലും സച്ചിന്‍ എത്തി. ആദിവാസി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 2,300 കുട്ടികളെ ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നത്.

കളത്തിന് പുറത്തും അകത്തും ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എല്ലായ്‌പ്പോഴും പ്രിവിലേജ് ആണെന്ന് സന്ദര്‍ശനത്തിന് ശേഷം സച്ചിന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. പരിവാരിനൊപ്പം തങ്ങള്‍ നിര്‍മിക്കുന്ന സേവാകുടീരങ്ങളും സൗജന്യ റെസിഡന്‍ഷ്യല്‍ സ്‌കൂളും സന്ദര്‍ശിച്ചതില്‍ സംതൃപ്തിയുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് ഈ ലോകത്തെ മികച്ചതും തിളക്കവുമുള്ളതുമാക്കാന്‍ കഴിയും. അവര്‍ക്കെല്ലാം തുല്യ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നമ്മള്‍ ഉറപ്പാക്കണമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

ENGLISH SUMMARY: Ten­dulkar vis­its trib­al children
You may also like this video;

Exit mobile version