Site iconSite icon Janayugom Online

വെടിനിർത്തൽ കരാറിനായി ഇസ്രായേലിൽ പതിനായിരങ്ങളുടെ പ്രതിഷേധം

വെടിനിർത്തൽ കരാറിനായി ഇസ്രായേലിൽ പതിനായിരങ്ങളുടെ പ്രതിഷേധം. ഇന്ന് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ബന്ദിലാണ് പതിനായിരങ്ങള്‍ പങ്കെടുക്കുന്നത്. ഹമാസ്‌ ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹം റാഫയിൽ കണ്ടെത്തിയതിന്‌ പിന്നാലെയാണ് ഇസ്രയേലിൽ പ്രതിഷേധം ഇരമ്പുന്നത്. ബന്ദികളുടെ കുടുംബാംഗങ്ങളുടെ ആഹ്വാനപ്രകാരം നടന്ന റാലിയിൽ വെടിനിർത്തലിന്‌ വഴങ്ങാത്ത ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമുയർന്നു. വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട്‌ നാഷണൽ ലേബർ യൂണിയൻ ഇന്ന് ബന്ദും പ്രഖ്യാപിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിലും വെടിനിർത്തൽ കരാർ ഉണ്ടാക്കാത്തതിലും പ്രതിഷേധിച്ചാണ്‌ പണിമുടക്കെന്ന്‌ യൂണിയൻ ചെയർമാൻ അർനോൺബാർഡേവിഡ്‌ പറഞ്ഞു.

ഇസ്രയേലിലെ ആരോഗ്യപ്രവർത്തകരുടെ സംഘടനയായ വൈറ്റ്‌ കോട്ട്‌സും സമരപ്രഖ്യാപനവുമായി രംഗത്തുണ്ട്‌. പ്രതിപക്ഷ നേതാവ്‌ യായ്‌ർ ലാപിഡും നാഷണൽ യൂണിറ്റി പാർടിയുടെ തലവൻ ബെന്നി ഗാന്റ്‌സും സമരത്തിന്‌ പിന്തുണയറിയിച്ചു. അമേരിക്ക, ഈജിപ്‌ത്‌, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ തുടരവേയാണ്‌ ഹമാസ്‌ ബന്ദികളാക്കിയവരെ കൊല്ലപ്പെട്ടനിലയിൽ കാണുന്നത്‌. യുഎസ് വിദേശസെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലെത്തി പ്രസിഡന്റ്‌, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി ഉടൻ വെടിനിർത്തൽ കരാറിന്‌ തയ്യാറാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരാർ ചർച്ചകൾ നടക്കുന്നതിനിടെതന്നെ ഗാസയിൽ ശക്തമായ ആക്രമണം തുടരുകയായിരുന്നു ഇസ്രയേൽ. അഭയാർഥി ക്യാമ്പുകളിലേക്കുവരെ ആക്രമണം തുടർന്നു. ഇതിനിടെയാണ്‌ ആറ്‌ ഇസ്രയേൽ ബന്ദികളെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 47 പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടു.

Exit mobile version