Site iconSite icon Janayugom Online

മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍

ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വത്തിക്കാനിലേക്ക് പതിനായിരക്കണക്കിന് വിശ്വാസികള്‍. പന്ത്രണ്ട് വർഷം താമസിച്ചിരുന്ന സാന്താ മാർത്തയിൽ നിന്ന് വിലാപയാത്രയായി ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിച്ചു. കർദിനാൾമാരും ആർച്ച് ബിഷപ്പുമാരും ചേർന്ന് അർപ്പിച്ച ദിവ്യബലിക്ക് ശേഷമാണ് പൊതുദർശനം ആരംഭിച്ചത്. മൂന്ന് ദിവസമാണ് പൊതുദർശനം ഉണ്ടാവുക. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത പെട്ടിയിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും കിരീടവും ധരിപ്പിച്ചിട്ടുണ്ട്.

ലോകനേതാക്കളെയും രാഷ്ട്രത്തലവൻമാരെയും കൂടാതെ ലോകമെമ്പടുമുള്ള വിശ്വാസികളും മാര്‍പാപ്പയെ അവസാനമായി നേരിൽ കാണാൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങുക. തിങ്കളാഴ്ചയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം. സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രി റോഷിയെ ചുമതലപ്പെടുത്തിയത്.

Exit mobile version