മയക്കുമരുന്ന് സംഘത്തലവന്‍ എല്‍ മെഞ്ചോ എന്നറിയപ്പെടുന്ന ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ നേതാവ് നെമെസിയോ റൂബൻ ഒസെഗുര സെർവാന്റസിനെ സൈന്യം കൊലപ്പെടുത്തി. ഞായറാഴ്ച ഹലിസ്കോയിലെ ടപാൽപയിൽ വച്ച് എല്‍ മെഞ്ചോയെ പിടികൂടാൻ നടത്തിയ സൈനിക നടപടിക്കിടെയാണ് കൊലപാതകം. സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. യുഎസ് ഇന്റലിജൻസിന്റെ സഹായത്തോടെ മെക്സിക്കൻ പ്രത്യേക സേനയാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. ഒസെഗുര ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. മെക്സിക്കോ സിറ്റിയിലേക്കുള്ള യാത്രാമധ്യേയാണ് ഒസെഗുര മരിച്ചത്. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തുവെന്നാണ് വിവരം.
എല്‍ മെഞ്ചോയുടെ കൊലപാതകത്തെ തുടര്‍ന്ന് കാർട്ടൽ ഗ്രൂപ്പുകൾ ഹലിസ്കോയിലും പരിസര സംസ്ഥാനങ്ങളിലും റോഡുകൾ തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എയർ കാനഡ പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. യുഎസ്, കാനഡ, ഇന്ത്യ എംബസികൾ പൗരന്മാരോട് സുരക്ഷിത സ്ഥലങ്ങളിൽ തുടരാൻ കർശന നിർദ്ദേശം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഹലിസ്കോയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു.
മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോയ്ക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ഫെബ്രുവരിയിൽ ഈ കാർട്ടലിനെ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 15 മില്യൺ ഡോളർ പാരിതോഷികവും അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എൽ മെഞ്ചോയുടെ മരണം കാർട്ടലിനുള്ളിൽ ഒരു അധികാര തർക്കത്തിന് വഴിവെച്ചേക്കാം.മെക്സിക്കോയിലെ 32സംസ്ഥാനങ്ങളിൽ 21എണ്ണത്തിലും സാന്നിധ്യമുള്ള ഈ സംഘം വരും ദിവസങ്ങളിൽ കൂടുതൽ അക്രമങ്ങൾക്കും ‘നാർക്കോ ടെററിസം‘രീതിയിലുള്ള ബോംബ് സ്ഫോടനങ്ങൾക്കും മുതിരുമോ എന്ന ആശങ്കയിലാണ് സുരക്ഷാ വിദഗ്ധർ.നിലവിൽ മെക്സിക്കൻ സായുധ സേന രാജ്യത്തുടനീളം അതീവ ജാഗ്രതയിലാണ്.

