Site iconSite icon Janayugom Online

കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഗന്ധര്‍ബാള്‍ ജില്ലയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഗുണ്ട് മേഖലയില്‍ ടണല്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത സ്വകാര്യ കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വെടിയേറ്റ മൂന്ന് തൊഴിലാളികള്‍ സംഭവസ്ഥലത്ത് മരിച്ചതായും പരിക്കേറ്റവരെ ഗന്ധര്‍ബാള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചു. ആക്രമണത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അപലപിച്ചു. അത്യന്തം ദുഃഖകരമായ സംഭവാണ് ഇതെന്നും ഇതര സംസ്ഥാന തൊഴിലാളികളെ വകവരുത്തുന്ന സമീപനം ഭീരുത്വം നിറഞ്ഞതാണെന്നും അദ്ദേഹം പ്രതികരിച്ചു. 

രണ്ട് ദിവസം മുമ്പും ബിഹാര്‍ സ്വദേശിയായ തൊഴിലാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ ഷോപിയാന്‍ ജില്ലയില്‍ കണ്ടെത്തിയിരുന്നു. നേരത്തെയും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണമുണ്ടായിരുന്നു. അതിനിടെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. പ്രദേശത്ത് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ബാരാമുള്ള, ഉറി തുടങ്ങിയ നിയന്ത്രണരേഖയിൽ സൈന്യവും പൊലീസും സംയുക്ത നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതായി സൈന്യം അറിയിച്ചു. 

Exit mobile version