Site iconSite icon Janayugom Online

കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. രജൗരിയിലെ ഡന്‍ഗ്രി ഗ്രാമത്തിലെ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം  ഞായറാഴ്ച വൈകിട്ട് 7.15 ഓടെയാണ് സംഭവം. കാറിലെത്തിയ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ മൂന്ന് വീടുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ കണ്ടെത്താന്‍ പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചതായി എഡിജിപി മുകേഷ് സിങ് പറഞ്ഞു. പരിക്കേറ്റവരെ രജൗരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. സതീഷ്, ദീപക് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തുകയും തീവ്രവാദികളെ കണ്ടെത്തുന്നതിന് വ്യാപക തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രജൗരി ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഡിസംബര്‍ 16ന് രജൗരിയിലെ സൈനിക ക്യാമ്പിന് പുറത്തുണ്ടായ ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം മാത്രം ഭീകരാക്രമണങ്ങളില്‍ 29 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

ശ്രീനഗറില്‍ പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ സംഭവവും ഉണ്ടായി. മിര്‍സ കാമില്‍ ചൗക് ഹബാലിലാണ് സംഭവം. ഇതില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. അതിനിടെ പുല്‍വാമ ജില്ലയിലെ ബെല്ലോയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ഒരാള്‍ കടന്നുകളഞ്ഞത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. 25കാരനായ ഇര്‍ഫാന്‍ ബഷിര്‍ ഗനിയാണ് സെൻട്രൽ റിസർവ് പൊലീസ് സേനയിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറുടെ റൈഫിള്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. ദക്ഷിണ കശ്മീര്‍ മേഖലയിലെ രാജ്പോറയില്‍ ഡ്യൂട്ടിയ്ക്കിടെയാണ് ഇര്‍ഫാന്‍ തോക്ക് തട്ടിയെടുത്തത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കുടുംബത്തിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയത്.

Eng­lish Sum­ma­ry: Ter­ror attack in Kash­mir; Three peo­ple were killed
You may also like this video

Exit mobile version