Site iconSite icon Janayugom Online

പാകിസ്ഥാനിലെ പൊലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം: 10 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ ആക്രമണത്തില്‍ 10 മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയിലെ ദ്രബൻ മേഖലയിലെ സ്റ്റേഷനിലാണ് ഭീകരാക്രമണമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച തീവ്രവാദി ഹാന്‍ഡ് ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയുണ്ടായ ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന പ്രദേശമാണ് ദ്രബന്‍. പാര്‍ട്ടി നേതാവ് മൗലാന ഫസല്‍ ഉര്‍ റഹ്മാന്‍ കഴിഞ്ഞ് മാസം താലിബാന്‍ പരമോന്നത നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അഫ്ഗാനിസ്ഥാനിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് വെെകിപ്പിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. 

വ്യാഴാഴ്ചയാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് പലഭാഗങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കറാച്ചി ഓഫിസിനു മുന്നില്‍ സ്ഫോടനം നടന്നിരുന്നു. ഖൈബർ-പഖ്തൂൺഖ്വയിൽ ഒരു സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു. അതേദിവസം തന്നെ പാര്‍ട്ടിയിലെ മറ്റൊരു നേതാവും ബലൂചിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞാഴ്ച ബലൂചിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ബോംബാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 

Eng­lish Summary:Terrorist attack on police sta­tion in Pak­istan: 10 peo­ple killed
You may also like this video

Exit mobile version