Site iconSite icon Janayugom Online

ജമ്മുവിലെ സൈനിക ക്യാമ്പിലേക്ക് ഭീകരർ വെടിവെച്ചു ; സൈനികന് പരിക്ക്

ജമ്മുവിലെ ഏറ്റവും വലിയ സൈനിക താവളമായ സുഞ്ജവാന്‍ സൈനിക ക്യാമ്പിന് സമീപം ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റു. രാവിലെ 10 മണിക്കും 10.30 നും ഇടയിലാണ് ആക്രമണം ഉണ്ടായതെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ സുനീല്‍ ബര്‍ട്ട്വാള്‍ പറഞ്ഞു. ക്യാംപിലെ സെന്‍ട്രി പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. 36 ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ കാവലിലാണ് പോസ്റ്റ് ഉള്ളത്. വെടിവെപ്പിനു ശേഷം സൈനിക താവളം സീല്‍ ചെയ്തു. സമീപ പ്രദേശങ്ങളില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

നേരത്തെ 2018 ഫെബ്രുവരിയില്‍ സുഞ്ജവാന്‍ സൈനിക ക്യാമ്പിന് നേരെ ജെയ്ഷെ ഇ മുഹമ്മഹ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറ് സൈനികരും ഒരു സാധാരണക്കാരനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വെടിവെച്ച് കൊന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് സൈനിക ബേസ് ക്യാമ്പിന് സമീപമുള്ള ആക്രമണം. മച്ചാലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ താങ്ധര്‍ സെക്ടറില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടു.

Exit mobile version