ടെസ്‌ല കാറിന് തീപിടിച്ച് 19കാരി മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കേസ് നല്‍കി മാതാപിതാക്കൾ. തീപിടിച്ചപ്പോൾ കാറിന്റെ ഡോർ തുറക്കാൻ കഴിഞ്ഞില്ലെന്നും ഇതേത്തുടർന്ന് പുക ശ്വസിച്ചാണ് മകൾ മരിച്ചതെന്നുമാണ് ആരോപണം. സാൻ ഫ്രാൻസിസ്കോയിലാണ് സംഭവം.
വിദ്യാർഥിനിയായ ക്രിസ്റ്റ സുകഹാര (19)യാണ് പൊള്ളലേറ്റും പുക ശ്വസിച്ചും മരിച്ചത്. തീപിടിത്തം പോലുള്ള സാഹചര്യങ്ങളിൽ വാതിൽ തുറക്കാൻ സാധിക്കാത്ത ‘ഡിസൈൻ തകരാറാണ്’ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ കേസ് നല്‍കുകയായിരുന്നു. ഇത്തരം തകരാറുകൾ മുൻപ് പലരും ചൂണ്ടിക്കാട്ടിയിട്ടും ടെസ്‌ല കമ്പനി പരിഹാരത്തിനായി ഒന്നും ചെയ്തില്ലെന്ന് പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ ഇലോൺ മസ്‌കിന്റെ ടെസ്‌ല ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാൻ ഫ്രാൻസിസ്‌കോയിൽ വെച്ച്, മദ്യപിച്ച ഡ്രൈവർ ഓടിച്ച കാർ ഒരു മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ക്രിസ്റ്റ കാറിന്റെ പിൻസീറ്റിലായിരുന്നു. സംഭവത്തില്‍ ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തീപിടിത്തമുണ്ടായാൽ വാതിൽ തുറക്കാൻ പറ്റാത്തത് ടെസ്‌ല കാറുകളുടെ തകരാറുകളില്‍ ഒന്നാണെന്ന് പറയുന്നു. ടെസ്‌ല കാറുകളുടെ സുരക്ഷാ പ്രശ്നങ്ങൾ ആരോപിച്ച് ഇതിനുമുമ്പും നിരവധി പേർ കേസ് നല്‍കിയിട്ടുണ്ട്.

