Site icon Janayugom Online

റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്‌തകം

ഹയർ സെക്കന്‍ഡറി വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ പുസ്തകം ഗതാഗത മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്യും. ഇന്ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ പിആർ ചേമ്പറിലാണ് ചടങ്ങ്. റോഡ് നിയമങ്ങൾ, മാർക്കിങ്ങുകൾ, സൈനുകൾ എന്നിവയും വാഹന അപകട കാരണങ്ങളും നിയമപ്രശ്‌നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയർ സെക്കന്‍ഡറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയാറാക്കിയിരിക്കുന്നത്.
പുസ്തകം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിനാൽ ഹയർ സെക്കന്‍ഡറി പരീക്ഷ പാസായി ഡ്രൈവിങ് ലൈസൻസ് നേടാൻ പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടി വരില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരത്തിൽ രാജ്യത്ത് തന്നെ ആദ്യമായി തയാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അധ്യാപകർക്ക് നൽകുന്നതിനും മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കും. പുസ്തകം കൈമാറുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുക്കും.

Eng­lish Sum­ma­ry: Text­book for learn­ing road rules

You may like this video also

Exit mobile version