Site iconSite icon Janayugom Online

പാഠപുസ്തക പരിഷ്‌കരണം; പുരോഗമന എഴുത്തുകാർ രചനകൾ പിൻവലിക്കുന്നു

കര്‍ണാടകത്തിലെ പാഠപുസ്തക പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് പുസ്തകത്തില്‍നിന്ന് തങ്ങളുടെ രചനകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പുരോഗമന എഴുത്തുകാര്‍. പുരോഗമന സ്വഭാവമുള്ള എഴുത്തുകാരുടെ രചനകള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കിയതിലാണ് പ്രതിഷേധം. കര്‍ണാടകത്തിലെ പ്രമുഖ എഴുത്തുകാരായ ദേവനൂര്‍ മഹാദേവയും ഡോ.ജി. രാമകൃഷ്ണയുമാണ് തങ്ങളുടെ രചനകള്‍ പിന്‍വലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടത്.

ദേവനൂര്‍ മഹാദേവ സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രചന പത്താംക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ പാഠപുസ്തക പരിഷ്‌കരണസമിതി തീരുമാനിച്ചിരുന്നു. എല്‍ ബസവരാജു, എഎന്‍മൂര്‍ത്തി റാവു, പി. ലങ്കേഷ്, സാറാ അബൂബക്കര്‍ തുടങ്ങിയവരുടെ രചനകള്‍ ഒഴിവാക്കിയവര്‍ക്ക് കര്‍ണാടകത്തിന്റെ സംസ്‌കാരത്തെപ്പറ്റി ഒന്നുമറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.അറിയപ്പെടുന്ന ദളിത് എഴുത്തുകാരനായ ദേവനൂര്‍ മഹാദേവ തനിക്കുലഭിച്ച പദ്മശ്രീ പുസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും തിരിച്ചു നല്‍കിയിരുന്നു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. പാഠപുസ്തകത്തിലൂടെ കുട്ടികളില്‍ വിഷം പകരുകയാണെന്ന് ഡോ. ജി. രാമകൃഷ്ണ ആരോപിച്ചു. പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍നിന്ന് ആദ്യം ഒഴിവാക്കിയ ഭഗത് സിങ്ങിനെക്കുറിച്ചുള്ള ലേഖനം രാമകൃഷ്ണയുടെ രചനയായിരുന്നു.

പ്രതിഷേധത്തെത്തുടര്‍ന്ന് ഇത് പിന്നീട് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗെവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയപ്പോഴാണ് ഭഗത് സിങ്ങിനെ ഒഴിവാക്കിയത്. പത്താം ക്ലാസിലെ സാമൂഹിക പാഠപുസ്തകത്തില്‍നിന്ന് ശ്രീനാരായണഗുരുവിനെയും പെരിയാറിനെയും കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയിരുന്നു.

Eng­lish Sum­ma­ry: Text­book revi­sion; Pro­gres­sive writ­ers with­draw works

You may also like this video:

Exit mobile version