തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ കരാര്‍ ആസിയാന്‍ ഉച്ചകോടിയില്‍ ഒപ്പുവയ്ക്കുമെന്ന് മലേഷ്യ. ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മലേഷ്യയിലെത്തും. ഉച്ചകോടിയിൽ, സമാധാനവും ശാശ്വതമായ വെടിനിർത്തലും ഉറപ്പാക്കുന്നതിനായി തായ‍്‍ലന്‍ഡും കംബോഡിയയും ക്വാലാലംപൂർ കരാർ എന്നറിയപ്പെടുന്ന പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുമെന്ന് മലേഷ്യന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹസൻ പറഞ്ഞു. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ ഒക്ടോബർ 26 മുതൽ 28 വരെ നടക്കാനിരിക്കുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് ഗ്രൂപ്പിന്റെ (ആസിയാന്‍) ഉച്ചകോടിക്കിടെയാണ് കരാറില്‍ ഒപ്പുവയ്ക്കുക.
ട്രംപ് ഉച്ചകോടയില്‍ പങ്കെടുക്കുമെന്ന് ആസിയാൻ അധ്യക്ഷനും മലേഷ്യൻ പ്രധാനമന്ത്രിയുമായ അൻവർ ഇബ്രാഹിം പറഞ്ഞിട്ടുണ്ടെങ്കിലും വാഷിങ്ടണിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇരു രാജ്യങ്ങളുടെയും 817 കിലോമീറ്റർ (508 മൈൽ) ദൈർഘ്യമുള്ള കര അതിർത്തിയിലെ സ്ഥലങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷമായി പൊട്ടിപ്പുറപ്പെട്ടിരുന്നു. പോരാട്ടത്തിൽ കുറഞ്ഞത് 48 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. അൻവറിന്റെ തുടർച്ചയായ സമാധാന ശ്രമങ്ങൾക്കും ട്രംപ് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾക്കും ശേഷം ജൂലൈ 28 ന് മലേഷ്യ മധ്യസ്ഥത വഹിച്ച പ്രാരംഭ വെടിനിർത്തലോടെ ഏറ്റുമുട്ടലുകൾ അവസാനിപ്പിച്ചു.
വെടിനിർത്തൽ ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ വാരാന്ത്യത്തിൽ ക്വാലാലംപൂരിൽ യോഗം ചേർന്നതായും യുഎസ്, മലേഷ്യൻ ഉദ്യോഗസ്ഥർ പങ്കെടുത്തതായും തായ് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. അതിർത്തിയിൽ നിന്ന് ഭാരമേറിയ ആയുധങ്ങൾ പിൻവലിക്കൽ, തർക്ക പ്രദേശങ്ങളിലെ കുഴിബോംബ് നീക്കം ചെയ്യൽ, രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിലും ചില മേഖലകളിലെ കയ്യേറ്റങ്ങൾ തടയുന്നതിലും സഹകരണം എന്നിവ കരാറില്‍ ഉൾപ്പെടുന്നു.
തായ്‌ലൻഡും കംബോഡിയയും വെടിനിർത്തൽ കരാറില്‍ ഒപ്പുവയ്ക്കും

