Site icon Janayugom Online

ജോലി ചെയ്യുന്ന സ്ത്രീകൾ വീട്ടിൽ തുടരണം; സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകളോട് വീട്ടിലിരിക്കാന്‍ താലിബാന്‍ നിര്‍ദ്ദേശം. ഇത് താല്‍ക്കാലികമാണെന്നും ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ക്കുമായാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞു. 1996–2001 ഭരണ കാലത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയ താലിബാന്‍ വീണ്ടും ഇതാവര്‍ത്തിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

അതേസമയം ഇത്തവണ സ്ത്രീകളും പെണ്‍കുട്ടികളും ജോലിക്ക് പോവുന്നതും പഠിക്കാന്‍ പോവുന്നതും വിലക്കില്ലെന്ന് താലിബാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ശരിയത്ത് നിയമപ്രകാരമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ലഭിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താലിബാന്‍ ഭരണത്തില്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് കടുത്ത ആശങ്കയുണ്ട്. 20 വര്‍ഷം മുമ്പത്തെ താലിബാന്‍ ഭരണത്തിലെ അതേ ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുമെന്നാണ് അഫ്ഗാന്‍ സ്ത്രീകള്‍ ഭയക്കുന്നത്. 

പുറത്തിറങ്ങുമ്പോള്‍ മുഖവും ശരീരവും മറയ്ക്കുന്ന രീതിയില്‍ ബുര്‍ഖ ധരിക്കല്‍, എട്ട് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കല്‍, പുരുഷ രക്ഷാധികാരിയില്ലാതെ സ്ത്രീകളെ പുറത്തിറങ്ങാനനുവദിക്കാതിരിക്കല്‍ തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
eng­lish summary;Thaliban says that,Working women should stay at home
you may also like thi video;

Exit mobile version