Site iconSite icon Janayugom Online

‘തനിമ’ യില്‍ കാന്താരിയില്ലാതെന്ത് ഭക്ഷണം

ഭക്ഷ്യമേളയിലെ തനിമയുടെ സ്റ്റാള്‍

നകക്കുന്നിലെ എന്റെ കേരളം പ്രദര്‍ശനമേളയിലെ സ്റ്റാളുകളില്‍ കയറിയിറങ്ങി ക്ഷീണിച്ചവരെ കാത്ത് രുചികരമായ ഭക്ഷണങ്ങളും തയ്യാറാക്കി ഫുഡ്കോര്‍ട്ടിലുള്ളവര്‍ കാത്തിരിപ്പുണ്ടാകും. ഫുഡ്കോര്‍ട്ടിനുള്ളിലേക്ക് കയറി ചെന്നാല്‍ ചാര്‍ട്ടില്‍ ഭക്ഷണങ്ങളുടെ ലിസ്റ്റ് തൂക്കിയിട്ടിരിക്കുന്ന ഒരു സ്റ്റാള്‍ കാണാം. അവയ്ക്ക് താഴെ ‘കൂപ്പണ്‍ സ്വീകരിക്കുന്നതല്ല- തനിമ’ എന്നൊരു കുറിപ്പും. അരിപ്പ സ്വദേശിയായ സുലോചന മണി രാജന്റെ നേതൃത്വത്തില്‍ ഗോത്രരുചികള്‍ വിളമ്പുന്ന ഇടമാണിത്. കാന്താരിയാണ് ഇവിടത്തെ താരം. എല്ലാ ഭക്ഷണത്തിലും കാന്താരിയുടെ സാന്നിധ്യമുണ്ടാകും. വട്ടയിലയില്‍ ചൂടോടെ വിളമ്പിയ കപ്പയുടെ അരികിലായി കാന്താരിയും ചുവന്നുള്ളിയും ചേര്‍ത്ത് അരച്ചെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് കുഴച്ച് റെഡിയാക്കിയ ഉപ്പുംമുളകും.

അടുത്ത പാത്രത്തില്‍ ഗിരിരാജന്‍ കോഴിയെ ചെറിയ കഷണങ്ങളാക്കി കാന്താരി ചേര്‍ത്ത് വറുത്തെടുത്തതും ഇവയ്ക്ക് കമ്പനിയ്ക്കായി ചൂട് ഔഷധക്കാപ്പിയുമാണ് ഇവിടത്തെ സ്പെഷ്യല്‍. ഇവയ്ക്ക് പുറമേ വെറെയും രുചികളുണ്ട് സ്റ്റാളില്‍. രുചിക്കൊപ്പം ഔഷധവും എന്നതാണ് ഗോത്രവിഭാഗങ്ങളുടെ ഭക്ഷണത്തിന്റെ പ്രത്യേകത. കാട്ടിലെ മുട്ടന്‍ ചേമ്പാണ് കൂട്ടത്തിലെ സെലിബ്രിറ്റി. കുട്ടന്‍ ചേമ്പ് അഥവാ മുട്ട ചേമ്പ് എന്നും പേരുള്ള ഈ വിഭവം കുടല്‍പുണ്ണ്, നീരിളക്കം എന്നിവയ്ക്കുള്ള ഔഷധം കൂടിയാണിത്.കാട്ടിലെ മുട്ട ചേമ്പിന് അമ്പത് രൂപയാണ് വില. നറുനീണ്ടി നാരങ്ങ കഴുകി വൃത്തിയാക്കി ഇടിച്ചു പിഴിഞ്ഞ് നാരങ്ങ, ഇഞ്ചി. ഏലം, പച്ചില മരുന്ന് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന നറുനീണ്ടി നാരങ്ങയും ഷുഗറിനുള്ള മരുന്നായി കഴിക്കുന്ന ഷുഗര്‍ ചീര വരട്ട് കറിയുമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ഊരിലെ ഇലക്കറി തന്നെയാണിത്. സ്റ്റാളില്‍ ഇരുപത് രൂപയാണ് ഇതിനിടാക്കുന്നത്. കാന്താരി മുളക് ഇടിച്ച് ചാലിച്ച് ഉപ്പിട്ടാണ് ഇത് ചെയ്യുന്നത്. വേറിട്ട ഔഷധ കാപ്പിയ്ക്ക് 20 രൂപ, കാന്താരി ചിക്കന്‍ പൊരിച്ചതിന് 120 രൂപ, കപ്പയും മുളകും 50 രൂപ എന്നിങ്ങനെയാണ് മറ്റ് വിലവിവരങ്ങള്‍.

Exit mobile version