പ്രവാസിക്ഷേമ പദ്ധതികൾക്കായി കൂടുതൽ തുക അനുവദിച്ചും, പ്രവാസി പുനരധിവാസത്തിന് കൂടുതൽ പ്രാധാന്യം നൽകിയും കേരള നിയമസഭയിൽ ധനകാര്യമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികാര്യ വകുപ്പിനായി ബജറ്റിൽ ഉൾക്കൊള്ളിച്ച 147.51 കോടി രൂപയിൽ കൂടുതലും വകയിരുത്തിയത് പ്രവാസി സമാശ്വാസ പുനരധിവാസ പദ്ധതികൾക്കാണ്. നോർക്ക റൂട്സ് വഴി 18 പദ്ധതികളിലൂടെ 130 കോടി രൂപയാണ് പ്രവാസി സമാശ്വാസപുനരധിവാസത്തിനായി കേരളസർക്കാർ ചെലവഴിക്കുക.
രണ്ടോ അതിലധികമോ വർഷം വിദേശത്തു ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ പ്രവാസികൾക്ക് നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയ്ക്കുള്ള വിഹിതം ഇത്തവണ 33 കോടി രൂപയാക്കി ഉയർത്തിയിട്ടുണ്ട്. എൻഡിപ്രേമിന് (നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ്) 25 കോടി രൂപയും ഏകോപന പുനസംയോജന പദ്ധതിക്ക് 50 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പ്രവാസി ഭദ്രത പേൾ പദ്ധതിയിൽ സംരംഭങ്ങൾ തുടങ്ങാൻ കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി നൽകുന്നുണ്ട്. പ്രവാസി ഭദ്രത മൈക്രോ പദ്ധതി പ്രകാരം കെഎസ്എഫ് ഇ വഴി അഞ്ചു ലക്ഷം രൂപ വരെയും വായ്പ നൽകുന്നുണ്ട്. ഒരു ലക്ഷം വരെ മൂലധന സബ്സിഡിയും, മൂന്നു ശതമാനം പലിശയിളവ് ആദ്യത്തെ നാലു വർഷവും നോർക്ക റൂട്ട്സ് നൽകും. പ്രവാസി ഭദ്രത മെഗാ പദ്ധതിയിൽ 25 ലക്ഷം മുതൽ രണ്ടു കോടി രൂപവരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് കെഎസ്ഐഡിസി വഴി അഞ്ചു ശതമാനം നിരക്കിൽ വായ്പ നൽകും. ഇതിന്റെ പലിശ സബ്സിഡി നൽകുന്നതും നോർക്ക വഴിയാണ്. ഇതിനെല്ലാം കൂടുതൽ തുക വിലയിരുത്തിയിട്ടുണ്ട്.
പ്രവാസി എന്നൊരു വാക്ക് പോലും എഴുതിചേർക്കാതെ, പ്രവാസികളായ ഇന്ത്യക്കാരെ പാടെ അവഗണിച്ച കേന്ദ്രസർക്കാരിന്റെ ബജറ്റിൽ, ആകെ നിരാശരായ പ്രവാസി സമൂഹത്തിന് ആശ്വാസകരമായ പ്രവാസി ക്ഷേമബജറ്റ് അവതരിപ്പിച്ചതിന് കേരളസർക്കാറിന് നന്ദി പറയുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
English Summary: Thanks to the Government of Kerala for allocating more funds in the budget for the welfare of expatriates: Navayugam
You may like this video also