ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം .തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.ഇന്നു രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു, രാജീവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ശബരിമല താന്ത്രികാവകാശമുള്ള താഴമൺ കുടുംബാംഗമായ കണ്ഠര് രാജീവരെ വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വർണപ്പാളികൾ ഇളക്കിയെടുക്കുന്നത് ആചാരലംഘനമാണെന്ന് അറിയാമായിട്ടും തന്ത്രി അതിന് ഒത്താശചെയ്‌തെന്ന് പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻപോറ്റിക്ക് ഇതിനായി മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്തു. 2019 മേയ് 18‑ന് ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളികളും പ്രഭാമണ്ഡല പാളികളും അഴിച്ചുമാറ്റി ഉണ്ണികൃഷ്ണൻപോറ്റിക്ക് കൈമാറിയപ്പോൾ, ദേവന്റെ അനുവാദം വാങ്ങിയില്ല. ആവശ്യമായ താന്ത്രികനടപടികൾ പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തന്ത്രിയെ ഈഞ്ചയ്ക്കലിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വൈകീട്ട് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. രാത്രി 7.40-ഓടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി എസ് മോഹിതിന്റെ വീട്ടിൽ ഹാജരാക്കി. റിമാൻഡിനുശേഷം രാത്രി പത്തരയോടെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കുമാറ്റി.

