മലയാളി സമൂഹം പല ധാരകളായി വിഭജിച്ചു നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇന്നും അങ്ങനെയൊക്കെയല്ലെ എന്ന് അഭിപ്രായപ്പെടുന്നവരും ഇല്ലാതില്ല. എന്നാല്‍ ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാനാകും, വ്യത്യസ്ത പാതകളില്‍ ചിന്നിച്ചിതറി കിടന്ന മലയാളി സമൂഹത്തെ ഒരേ ധാരയില്‍ ഒരുമിപ്പിച്ചത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. മാത്രമല്ല, മലയാളികളുടെ അഭിമാനബോധത്തെ ഉണര്‍ത്തിയതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള ഇടതുപക്ഷമാണ്.
അതാത് സമയത്ത് രൂപംകൊണ്ട് വികസിച്ചു വന്ന ഇടതുപക്ഷ പുരോഗമന ചിന്തകള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളം ഇന്നും ഇരുളടഞ്ഞ പ്രദേശമായും കാലമായും മാറിപ്പോകുമായിരുന്നു. നാട് കാണാനെത്ര മനോഹരമാണെങ്കിലും അവിടുത്തെ മനുഷ്യര്‍, സംസ്‌കാരം, ജനാധിപത്യ ബോധം ഇവയൊക്കെ സംസ്‌കരിക്കപ്പെട്ടിട്ടില്ലെങ്കില്‍ എന്തു പ്രയോജനം. ഇത്തരത്തില്‍ നാടിനെയും സമൂഹത്തെയും സംസ്‌കരിച്ച് ലോക നിലവാരത്തിലെത്തിച്ചതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല. യാഥാസ്ഥിതികരെന്ന് കരുതുന്നവര്‍പോലും അവസരം വരുമ്പോള്‍ മാറി ചിന്തിച്ച് പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്നതും നാം കാണുന്നുണ്ട്. ഒരു നൂറ്റാണ്ടുമുമ്പ് മനുഷ്യര്‍ക്ക് വഴിനടക്കാനോ ക്ഷേത്രദര്‍ശനത്തിനോ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും പുരോഗമന ആശയങ്ങളുടെ വരവോടെയാണ് ഉണ്ടായത്.
നമ്പൂതിരി കുടുംബങ്ങളിലെ വിവാഹവും സംബന്ധവും ഒരു ഉദാഹരണം മാത്രം. സ്വന്തം തീരുമാനങ്ങളും മാമൂലുകളും അടിച്ചേല്‍പ്പിക്കുന്ന ഒരു പുരുഷാധിപത്യ സമ്പ്രദായം പണ്ടുണ്ടായിരുന്നു. അതെല്ലാം പഴങ്കഥകളാക്കിയത് ഇടതുപക്ഷ ആശയങ്ങളാണ്. ഇപ്പോള്‍ ഉള്ളതുപോലെ തൊഴിലിന് അഭിമാനവും കൃത്യമായ ശമ്പളവും ഒക്കെ ലഭിച്ചു തുടങ്ങിയതും ഇതേ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിലൂടെയാണ്. ഇടതുപക്ഷം കൊണ്ടുവന്ന സകല ജീവിത സൗകര്യങ്ങളും അനുഭവിക്കുന്നവര്‍ തന്നെ പലപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നത് കാണാം. വിമര്‍ശനം എല്ലാ കാലത്തും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അത്തരം വിമര്‍ശനങ്ങളാണ് ഈ പ്രസ്ഥാനത്തെ നേര്‍ദിശയില്‍ നയിക്കുന്നതെന്നും നാം മനസ്സിലാക്കുന്നു.
പുതിയ കാലത്ത് സ്ത്രീകള്‍ക്ക് കുടുംബത്തിലും വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലും വലിയ മാന്യതയും അന്തസ്സും ലഭിക്കുന്നുണ്ട്. അതുപോലും ഇടതു പ്രസ്ഥാനങ്ങളുടെ സ്വാധീനഫലമായാണ്.
സ്ത്രീകള്‍ക്കു മാത്രം തുല്യത എന്നു സംസാരിക്കുന്നതില്‍ കാര്യമില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. എല്ലാ വ്യക്തികള്‍ക്കും തുല്യത എന്ന കാഴ്ചപ്പാടിനാണ് ഇന്ന് പ്രസക്തി. ഇതും ഇടതുപക്ഷം അവരുടെ നയരൂപീകരണത്തില്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് കരുതുന്നു.
കേരള സമൂഹത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി നിര്‍ണ്ണായക സ്വാധീനം ചെലുത്തിവരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് എന്റെ ആശംസകള്‍.…