കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നേരിടാന്‍ ജില്ലയിലും ആരോഗ്യവകുപ്പ് ഒരുക്കം ശക്തമാക്കുന്നു. തലപ്പാടി അതിര്‍ത്തിയില്‍ ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്രം തുടങ്ങാന്‍ കലക്ടര്‍ സ്വാഗത് ആര്‍ ഭണ്ടാരി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനകം കേന്ദ്രം തുടങ്ങും. അതേ സമയം കര്‍ണാടക അതിര്‍ത്തി അടയുമെന്നും ഉറപ്പായി. കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് തലപ്പാടിയില്‍ പരിശോധന കര്‍ശനമാക്കിയതോടെ കേരളത്തില്‍ നിന്ന് റോഡ്, ട്രെയിന്‍ മാര്‍ഗം പോകുന്ന യാത്രക്കാര്‍ വീണ്ടും ദുരിതത്തിലാകും. കര്‍ണാടക മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ദക്ഷിണ കന്നഡ ജില്ലാ അധികൃതര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. നേരത്തെ ഉത്തരവ് നിലവിലുണ്ടങ്കിലും അതിര്‍ത്തികളില്‍ കര്‍ശനമായ പരിശോധന ഉണ്ടായിരുന്നില്ല. ഇരു സംസ്ഥാനങ്ങളിലെയും കെഎസ്ആര്‍ടിസി സര്‍വീസും പുനരാരംഭിച്ചിരുന്നു. ഇത് വീണ്ടും നിര്‍ത്തലാക്കാനാണ് സാധ്യത. ഞായറാഴ്ച മംഗളൂരുവിലേക്ക് പോയ വാഹനങ്ങളിലെ യാത്രക്കാരെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇനി കടത്തിവിടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് കര്‍ണാടക പൊലീസ് പോകാന്‍ അനുവദിച്ചത്. ചികിത്സയ്ക്കും വിമാനത്താവളത്തിലേക്കും പോകുന്നവരെ കടത്തിവിട്ടു. കെഎസ്ആര്‍ടിസി സര്‍വീസിനും തടസമുണ്ടായില്ല.
തിങ്കളാഴ്ച തലപ്പാടിയില്‍ കര്‍ണാടക പരിശോധന കര്‍ശനമാക്കിയാല്‍ മംഗളൂരുവിലേക്കും ഇതുവഴി ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്നവര്‍ പാതിവഴിയിലാകും. വിദ്യഭ്യാസത്തിനും ജോലിക്കും വ്യാപാരത്തിനുമായി ആയിരങ്ങള്‍ പ്രതിദിനം മംഗളൂരുവിലേക്ക് പോകുന്നുണ്ട്.
കേരളം രണ്ട് ദിവസത്തിനകം അതിര്‍ത്തിയില്‍ ആര്‍ടിസിപിസിആര്‍ പരിശോധന കേന്ദ്രം ആരംഭിക്കും. നേരത്തെയുണ്ടായിരുന്ന കേന്ദ്രം ആവശ്യക്കാരുടെ കുറവ് കാരണം നിര്‍ത്തിയിരുന്നു. കാസര്‍കേട് ടൗണ്‍ ഹാളിലുണ്ടായിരുന്ന സ്‌പൈസസിന്റെ സേവനവും അവസാനിപ്പിച്ചിരുന്നു. നിലവില്‍ കേന്ദ്ര സര്‍വകലാശാല ലാബിലാണ് സ്രവം പരിശോധിക്കുന്നത്. പരിശോധന വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതലയുള്ള ഡോ. ഇ മോഹനന്‍ പറഞ്ഞു.
സമ്പര്‍ക്ക വിലക്ക് ശക്തമാക്കും
പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നെത്തുവര്‍ക്ക് 7 ദിവസത്തെ സമ്പര്‍ക്ക വിലക്ക് കര്‍ശനമാക്കിയിട്ടുണ്ട്. കോവിഡ് ബാധിതരുടെ സമ്പര്‍ക്ക പട്ടികയും തയ്യാറാക്കും. കോവിഡ് ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ വ്യാപനമുണ്ടായ ജില്ലയാണ് കാസര്‍കോട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ ആധിക്യമാണ് ഇതിന് കാരണമായത്. ജോലിക്കും വ്യാപാരത്തിനുമായി പതിനായിരങ്ങള്‍ വിദേശത്ത് പോകുന്ന ജില്ലയില്‍ അവിടങ്ങളിലുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത കൂടുതലലാണ്. ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരികരിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളും ആശങ്കയിലാണ്.