Site iconSite icon Janayugom Online

തരൂര്‍ വീണ്ടും പരിപാടികളിലേക്ക്; വിട്ടുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ഇടവേളയ്ക്ക് ശേഷം ശശി തരൂരിന്റെ ജില്ലാ പര്യടനം ഇന്നാരംഭിക്കും. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് തരൂര്‍ തര്‍ക്കം തലപൊക്കിയത്.
ഡിസിസി അറിയാത്ത പരിപാടി അല്ലാത്തതിനാല്‍ പങ്കെടുക്കില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണമാണ് ആദ്യമെത്തിയത്. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തതു കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ക്ഷണമുണ്ടെങ്കില്‍ പങ്കെടുക്കാനില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പ്രതികരണവും പിറകെ വന്നു. തരൂര്‍ അറിയിച്ചില്ലെന്നാണ് കാരണമായി സുരേഷ് പറയുന്നത്. ഇതിനെതിരെ പ്രതികരണവുമായി ശശി തരൂരും രംഗത്തെത്തി.

കോട്ടയം പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന നിലപാടില്‍ ശശി തരൂര്‍ ഉറച്ചുനില്‍ക്കുകയാണ്. കോട്ടയം പരിപാടിക്ക് പങ്കെടുക്കാനെത്തുന്ന വിവരം തന്റെ ഓഫീസില്‍ നിന്ന് കോട്ടയം ‍ഡിസിസി പ്രസിഡന്റിനെ വിളിച്ച് അറിയിച്ചിരുന്നതായും ശശി തരൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ മനസ് തുറന്ന പുസ്തകമാണ്. ഒന്നും ഒളിക്കാനില്ല. കോട്ടയത്തെ സമ്മേളനത്തിലേക്ക് തന്നെ ക്ഷണിച്ചത് യൂത്ത് കോണ്‍ഗ്രസാണ്. താനെന്തായാലും പങ്കെടുക്കും. വരേണ്ടാത്തവര്‍ വരണ്ട. അവര്‍ക്കെല്ലാം ആ പരിപാടി യൂട്യൂബില്‍ കാണാമെന്നും തരൂര്‍ പറഞ്ഞു. മുമ്പും നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്, പ്രഭാഷണങ്ങള്‍ നടത്തിയിട്ടുമുണ്ട്. എന്നാല്‍ അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയില്‍ നടന്നത്. 

ഇതിനിടെ പത്തനംതിട്ടയില്‍ നടക്കുന്ന തരൂരിന്റെ പരിപാടിയും വിവാദത്തിലായി. പരിപാടിക്ക് വരുന്നവിവരം തരൂര്‍ അറിയിച്ചിട്ടില്ലെന്ന് പത്തനംതിട്ട ഡിസിസി ഭാരവാഹികള്‍ പ്രതികരിച്ചു. സാമൂഹിക സംഘടനയായ ബോധിഗ്രാമിന്റെ പരിപാടിയിലാണ് ഇന്ന് തരൂർ പങ്കെടുക്കുന്നത്. ക്ഷണമുണ്ടെങ്കിലും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഡല്‍ഹിയിലായിരുന്ന ശശി തരൂര്‍ ഇന്നലെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. അഞ്ചു വരെ സംസ്ഥാനത്ത് വിവിധ പരിപാടികളുമായി സജീവമാകും. ഏഴിന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഴിഞ്ഞം വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കും. തുറമുഖവും സമരവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ വിവാദങ്ങള്‍ നല്ല രീതിയില്ലല്ല നടക്കുന്നത്. വിഴിഞ്ഞത്തേക്ക് കേന്ദ്ര സേനയെ വിളിക്കരുതെന്നാണ് തന്റെ നിലപാടെന്നും തരൂര്‍ പറഞ്ഞു. 

Eng­lish Summary:Tharoor back to events; Con­gress lead­ers will stay away
You may also like this video

Exit mobile version