Site iconSite icon Janayugom Online

തരൂരിന് ഇരട്ടമുഖം: രൂക്ഷ വിമര്‍ശനവുമായി മിസ്ത്രി

ശശി തരൂര്‍ ഇരട്ടമുഖമുള്ള വ്യക്തിയാണെന്ന് കോണ്‍ഗ്രസ്. പുതിയ പാര്‍ട്ടി അധ്യക്ഷനെ പ്രഖ്യാപിച്ചതിന് ശേഷമാണ് തരൂരിനെതിരെ രൂക്ഷമായ പ്രതികരണം പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങളില്‍ നിന്നുണ്ടാകുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന തരൂരിന്റെ ആരോപണമാണ് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്. ‘നിങ്ങള്‍ക്ക് രണ്ട് മുഖം ഉണ്ടെന്ന് പറയുന്നതില്‍ വിഷമമുണ്ട്. ഞങ്ങളുടെ എല്ലാ മറുപടികളിലും സംതൃപ്തിയുണ്ടെന്ന് എന്നോട് പറഞ്ഞ ഒരു മുഖവും അതേസമയം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു മുഖവുമുണ്ട്’ ‑തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

ഇന്നലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ വിഷമിപ്പിക്കുന്ന വസ്തുതകള്‍ ഉണ്ടെന്നും സംസ്ഥാനത്തെ വോട്ടുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തരൂരിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് സല്‍മാന്‍ സോസ് മിസ്ത്രിക്ക് കത്തെഴുതിയിരുന്നു. ന്യായമായ അന്വേഷണം നേതൃത്വം ഉറപ്പ് നല്‍കിയതിന് ശേഷമാണ് വോട്ടെണ്ണല്‍ തുടരാന്‍ സമ്മതിച്ചതെന്ന് സോസ് പിന്നീട് പറഞ്ഞിരുന്നു. ആഭ്യന്തരമായി നല്‍കിയ കത്ത് ചോര്‍ന്നതില്‍ തരൂര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും, കോണ്‍ഗ്രസ് ക്ഷമിച്ചില്ല. 

‘മുഴുവന്‍ സംവിധാനവും നിങ്ങളുടെ സ്ഥാനാര്‍ഥിക്ക് എതിരാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഒരു കുന്നില്‍ നിന്ന് പര്‍വ്വതം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും’ മിസ്ത്രി ആരോപിച്ചു. വോട്ടെടുപ്പില്‍ ക്രമക്കേടെന്ന തരൂരിന്റെ ആരോപണം സാങ്കല്‍പ്പികവും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ പരിഷ്‌കാരവും വ്യക്തമായ നേതൃത്വവും ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതി രണ്ട് വര്‍ഷത്തിന് ശേഷവും പാര്‍ട്ടിയില്‍ തുടരുന്ന ചുരുക്കം ചില ‘ജി-23’ നേതാക്കളില്‍ ഒരാളാണ് തരൂര്‍. ഗുലാം നബി ആസാദും കപില്‍ സിബലും ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.

Eng­lish Summary:Tharoor is dou­ble-faced: Mis­try severe­ly criticized
You may also like this video

Exit mobile version