കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സന്നദ്ധനായ ശശി തരൂർ തിങ്കളാഴ്‌ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് തരൂർ അറിയിച്ചു. ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സോണിയ മറുപടി നൽകി. തീരുമാനം താങ്കളുടെയാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ പ്രഖ്യാപിച്ചപോലെ നടക്കുമെന്നും സോണിയ പറഞ്ഞു.
നേതാക്കളായ ജെ പി അഗർവാൾ, അവിനാശ് പാണ്ഡെ, ദീപേന്ദർ ഹൂഡ എന്നിവരും തരൂരിനൊപ്പമുണ്ടായിരുന്നു.ഔദ്യോഗിക സ്ഥാനാർഥിയായി പരിഗണിക്കുന്നത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയാണ്. രാഹുൽ ഗാന്ധി മത്സരത്തിന് സന്നദ്ധനായില്ലെങ്കിൽ ഗെലോട്ട്–-തരൂർ മത്സരത്തിനാവും അരങ്ങൊരുങ്ങുക. മത്സരിക്കുന്നവർ നൂറു ദിവസത്തിനകം സംഘടനാ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്ന് യുവ കോൺഗ്രസ് പ്രവർത്തകർ അഭ്യർഥിച്ചിരുന്നു.
അത് അംഗീകരിക്കുന്നതായി ട്വിറ്ററിൽ അറിയിച്ചശേഷമാണ് തരൂർ സോണിയയെ കണ്ടത്.അമ്പത് വയസ്സിൽ താഴെയുള്ളവർക്ക് 50 ശതമാനം പദവിയും സീറ്റും, ഒരാൾക്ക് ഒരു പദവി, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് തുടങ്ങി ഉദയ്‌പുർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പുതിയ പ്രസിഡന്റ് 100 ദിവസത്തിനകം നടപ്പാക്കണമെന്ന ഒരു വിഭാഗം യുവ കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർഥനയാണ് തരൂർ അംഗീകരിച്ചത്. മത്സരിക്കുന്നവർക്ക് വോട്ടർ പട്ടിക ലഭ്യമാക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്‌ത്രി അറിയിച്ചത് തരൂർ അടക്കം അഞ്ച് എംപിമാരുടെ ആവശ്യത്തെതുടർന്നാണ്.
English Summary: Tharoor to contest for the post of Congress president
You may also like this video: