അയാൾക്ക് ബലിയിടണം
ആർക്കാണെന്ന് മാത്രം
ചോദിക്കരുത്
മരിച്ചവരുടെ പട്ടികയിൽ
മഹാപ്രതാപങ്ങളിൽ
നിലംപൊത്തിയവരും
ചത്തുപോയ വിജയികളും
ഉടലോടെ സ്വർഗത്തിൽ
പോയവരുമുണ്ടത്രേ
യോദ്ധാക്കളെ അടക്കം ചെയ്ത
വയലുകളിൽ ഗോതമ്പു
ചെടികൾ താരാട്ടുപാടുമ്പോൾ
ധർമ്മസംസ്ഥാപനായ വാദം
ചൊല്ലി അയാൾ ചിരിക്കും
സ്വർഗാരോഹണത്തിനു മുൻപ്
വീണുപോയ ദ്രൗപദി
സ്വർഗം വേണ്ടെന്നു പറഞ്ഞ്
മണ്ണിൽ പൂണ്ടുപോയ
സീതയെ അറിയുമോ?
അതെങ്ങനെ, മാധവനാട്ടിൽ
സീതകഥയില്ലല്ലോ
അത്‌ഭുതമായിരിക്കുന്നു
എല്ലാ വിജയങ്ങളും
ധാർമ്മികമായിരുന്നത്രേ
മുക്കുവക്കുടിയിൽ പിറന്ന
കഥകേട്ട് ഇനിയാരും
വിസ്മയിക്കേണ്ട
സ്വർഗം വാഴുന്നവർ
ഉയിർപ്പിനായി കാത്തിരിക്കുന്നു
വിഭീഷണ രാജ്യത്ത് പ്രജകൾ
മനുഷ്യബോംബുകളായി
പൊട്ടിത്തെറിക്കുന്നു
മറ്റൊരിടത്ത് പൂക്കൾക്കു
പകരം പീഡിപ്പിച്ചുകൊന്ന
പെൺകുട്ടികൾ
നിരന്നിരിക്കുന്നു
ഭൂമിക്കേറ്റ പരിക്കുനോക്കി
കാക്കക്കൂട്ടം
പെട്ടെന്നുയർത്തിയ
നെടുവീർപ്പ് അയാളുടെ
മനസ്സിനൊരു തടവീണു
ഉണക്കാനിട്ട നെല്ലു
കൊത്തിപ്പെറുക്കി നിന്ന
അവരെ ആട്ടിപ്പായിച്ചത്
ഇന്നലെയായിരുന്നു.
നവകവിതയിലെ ഏകാകി
ഒരു കല്പന കഥയിൽ നിന്ന്
പിതൃതർപ്പണം നടത്തി
ആ നേരം വിശന്നുതളർന്ന
അയാളുടെ അമ്മ
വൃദ്ധസദനത്തിലായിരുന്നു
തർപ്പണം

