Site icon Janayugom Online

കടലാസിലെ ആ കൊടുങ്കാറ്റ്

പേരില്ലാത്ത ഒരു ദ്വീപ്. മെഡിറ്ററേനിയൻ കടലിൽ. ആ അനാമികതയിലാണ് ‘ദ ടെംപസ്റ്റ്’ നാടകമായത്. ഷേക്സ്പിയറിന്റെ അവസാനത്തെ നാടകമെന്ന് പരിഗണിക്കുന്ന കൃതി. ടെംപസ്റ്റ് എന്നാൽ കടലിലെ കൊടുങ്കാറ്റ്. കടലിലെ കൊടുങ്കാറ്റിലൂടെ ‘ദ ടെംപസ്റ്റി‘ലേക്കുള്ള നാടക മുറുക്കത്തിന്റെ പദസഞ്ചലനമായി.
കഥാപാത്രവും-പ്രോസ്പരോ-നാടകകൃത്തും താദാത്മ്യം പ്രാപിക്കുന്ന ഒരപൂർവത. ആ നാടകത്തിലൂടെ വെറും മുപ്പത്തിയേഴാമത്തെ വയസിൽ ആ നാടകപ്രതിഭാധനൻ- ഇനിയും തനിക്ക് സർഗവാസന ആകാശംമുട്ടെ സാധ്യമായിട്ടും- രചന എന്ന ആ മഹാസാധകത്തെ വിനയപൂർവം അവസാനിപ്പിക്കുകയാണ്. ഇനി മുന്നോട്ടില്ല. മതി… ഇത്രയൊക്കെ മതി. ‘റെെറ്റേഴ്സ് ബ്ലോക്ക്’ എന്ന മാനസികത്തകരാറൊന്നുമല്ല അതിനു പിന്നിൽ. ആ ഭൂതാവേശ ബാധിതമായ ഒറ്റയാൻ ദ്വീപിൽ പ്രോസ്പരോയും മകൾ മിറാൻഡ എന്ന നിഷ്കളങ്ക സുന്ദരിയും. അവർക്കു ചുറ്റും കടലും ഏകാന്തതയും നേർത്ത പേടിയുണ്ടാക്കാൻ പോന്ന കാറ്റും, പിന്നെ ചില അദൃശ്യ കഥാപാത്രങ്ങളും. ആ ദ്വീപിന്റെ ഉടമസ്ഥത സെെക്കോറാക്സിനും മകൻ കാലിബനും. ഏരിയൽ പ്രോസ്പരോവിന്റെ സഹായിയായി വർത്തിക്കുന്നു.
പ്രോസ്പരോ വല്ലാത്ത ഒരു മജീഷ്യനാണ്. താൻ പഠിച്ചെടുത്ത മാന്ത്രികം നല്ലതിനായിട്ടു മാത്രമെ ഉപയോഗിക്കു- വെെറ്റ് മാജിക്- എന്ന തിരിച്ചറിവ് വായനക്കാർക്ക് ഒരാത്മീയ വെളിച്ചം കൊടുക്കാതിരിക്കുമോ? ഓക്കുമരങ്ങളെ പിളർക്കാനും, ശവകുടീരത്തിൽ നിന്നും പ്രേതങ്ങളെ വെളിയിലിറക്കാനും മിന്നലിനെ രൂപപ്പെടുത്താനും കൊടുങ്കാറ്റിനെ പ്രഹേളികയാക്കാനും തൊട്ടടുത്ത നിമിഷം അതിനെ അവസാനിപ്പിക്കാനും കഴിയുന്നുണ്ട് അയാൾക്ക്. 

തന്നെത്തന്നെ ആ നാടകകൃത്ത് ഒരു കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ്. വളരെ ചെറിയ പ്രായത്തിൽത്തന്നെ ആ തൂലിക മാന്ത്രികതയുടെ ഊഷ്മാവിൽ നിന്നും ഊഷ്മളതയിൽ നിന്നും ഉരുവംകൊണ്ടത് മുപ്പത്തിയേഴോളം നാടകങ്ങളും നൂറ്റിയൻപതോളം കാവ്യങ്ങളും മറ്റും. അവ സാഹിത്യസദസിൽ ട്രാജഡികളായും, കോമഡികളായും, ട്രാജി കോമഡികളുമായുമൊക്കെ കാറ്റിലുലയുകയാണ്. ടാഗോർ പൊട്ടുതൊട്ടു വിട്ട ‘ടു ഷേക്സ്പിയർ’ എന്ന 1915ലെ ആ ഗീതകത്തിൽ ഇങ്ങനെ എളുതുന്നു, ‘അദൃശ്യതയിൽ നിന്നും അങ്ങയുടെ ഉജ്ജ്വലമുഖം ദൂരെയുള്ള കടലിനരികിൽ ഉയർന്നുവരുമ്പോൾ… ഹേ, കവിസൂര്യാ… ആംഗലനാടിന്റെ ചക്രവാളത്തിന്റെ നെഞ്ചകം അങ്ങയെ അറിഞ്ഞു. അവൾ അങ്ങയെ സ്വന്തമാക്കി.’ 

വെനീസിലെ വ്യാപാരിയും, മാക്ബത്തും, ഹാംലറ്റും ഒഥല്ലോയും, റോമിയോ ആന്റ് ജൂലിയറ്റും… അങ്ങനെ ഒന്നിനൊന്നു മെച്ചപ്പെട്ട മഹാനാടകങ്ങളുടെ അടുക്കുകൾ. അവയിലെ കഥാപാത്ര സ്വഭാവങ്ങൾ ഇന്നും എന്നും ഇവിടെയുള്ള മനുഷ്യരിലുണ്ട്. ഒരു ഏപ്രിൽ 23-ാം തീയതിയിലെ ജനനം, അൻപത്തിരണ്ടാണ്ടുകളിലൂടെ ദീർഘപ്പെട്ട് മറ്റൊരു ഏപ്രിൽ 23ന് അന്ത്യപ്പെടുമ്പോൾ ആ മഹാജീവിതപഥം കാലത്തിനെ തോൽപ്പിക്കുകയാണല്ലോ. ആ മഹത്വത്തെ വീണ്ടും മഹത്വവൽക്കരിച്ചതോ, ഏപ്രിൽ 23ന് ലോകപുസ്തകദിനമായും ലോകപകർപ്പവകാശ ദിനമായും. ഏതൊരു ദേശത്തായിരിക്കും അദ്ദേഹത്തിന്റെ കൃതികളിൽ ഒരെണ്ണമെങ്കിലും ഒരു രംഗമെങ്കിലും പഠിപ്പിക്കാത്തത്. ദ ടെംപസ്റ്റിലെ പ്രോസ്പരോ തന്റെ മാന്ത്രിക കെങ്കേമത്തിലൂടെ കടലിൽ ഒരു കൊടുങ്കാറ്റിനെ സ്വച്ഛന്ദം വിട്ടുകൊടുത്തിരിക്കുകയാണ്. ശക്തമായ കാറ്റിൽ കപ്പൽ ആടിയുലയുന്നു. അത് അപകടത്തിലേക്ക് ചാഞ്ചാട്ടമാണ്. മിറാൻഡ പറയുന്നു ആ കൊടുങ്കാറ്റിനെ നിറുത്താൻ തന്റെ പിതാവിനോട്. ആ കപ്പലിൽ‍ ആരെങ്കിലുമൊക്കെ കാണുമല്ലോ. അവർ കപ്പൽഛേദത്തിൽ കടലിൽ പെട്ടാൽ… ?
ആ നിർണായക അവസ്ഥയില്‍ പിതാവ് മകളെ ബോധ്യപ്പെടുത്തി, കഴിഞ്ഞുപോയ നാളുകളിലെ താനെന്ന മിലാൻ ഭരണാധികരിയേയും സഹോദരനായ അന്റോണിയേയും ആ സഹോദരൻ ചതിയിലൂടെ ഭരണം പിടിച്ചെടുത്തതും ഒടുവിൽ ഒറ്റപ്പെട്ട ദ്വീപിലേക്ക് നാടുകടത്തിയതും. കടലിലേക്ക് ചാടുന്നവർ ആരും മരിക്കുന്നില്ല. തന്റെ ആജ്ഞാനുവർത്തിയായ ഏരിയലിനെക്കൊണ്ട് ഏവരെയും ദ്വീപിൽ എത്തിക്കുന്നു. അലാൻസൊയും സെബാസ്റ്റ്യനും ഫെർഡിനന്റും ഒക്കെ അവരിലുണ്ട്. മിറാൻഡയുടെ കണ്ണുകൾ ഫെർഡിനന്റിനെ ഒന്നു കടാക്ഷിച്ചുവോ? 

തന്റെ ജീവിതവും ഭരണവും തെറിപ്പിച്ച സഹോദരനോടും മറ്റും പ്രതികാരം ചെയ്യാൻ പറ്റിയ ആ അസുലഭസന്ദർഭത്തെ പ്രോസ്പരോ മനുഷ്യത്വ സമ്പർക്കത്തിലേക്ക് ഗതിമാറ്റി വിടുന്നു. പ്രതികാരത്തെക്കാൾ വലുതും ആത്മീയമായതും നന്മ തന്നെയാണല്ലോ- THE RARE ACTION IS VIRTUE THAN IN VENGENANANCE. ഭരണകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതെ മാജിക്കിലും മറ്റും ജീവിതം മാറ്റിവച്ചതുകൊണ്ടാണല്ലോ സഹോദരൻ പ്രോസ്പരോയെ വഞ്ചിച്ചത്. എന്തൊക്കെ വന്നാലും ദുരന്തത്തിലൂടെ തുടങ്ങി സന്തോഷത്തിലൂടെ ദ ടെംപസ്റ്റ് തീരുമ്പോൾ മിറാൻഡ ഫെർഡിനന്റിന്റെ ഭാര്യാപദത്തിലേക്കുള്ള സാധ്യതയായി. എല്ലാവരും ഒന്നായ ആ ധന്യതയിൽ വച്ച് പ്രോസ്പരോ തന്റെ മാജിക്ക് ബുക്കും മാന്ത്രികദണ്ഡും കടലിലേക്ക് വലിച്ചെറിയുമ്പോൾ ഒരു കാലഘട്ടത്തിന്റെ സാഹിത്യനിർമ്മാണത്തിനു സ്വയം അടിയറവ് പറഞ്ഞതായി മൗനമായിട്ടാണെങ്കിലും പ്രഖ്യാപിച്ചുവല്ലോ. 

എത്രയെത്ര കഥാപാത്രങ്ങളും സന്ദർഭങ്ങളും ഷേക്സ്പിയറിൽ നിന്നും നാടകീയമാകുമ്പോൾ എന്നും ഉദ്ധരിക്കാവുന്ന എത്രയോ വാക്യങ്ങലാണ് വായനക്കാര്‍ ഓറ്റെടുത്തത്. സംശയത്തിലൂടെ ഹാംലറ്റിന്റെ ടു ബി ഓർ നോട്ട് ടു ബി (വേണയോ… വേണ്ടയോ), ജൂലിയസ് സീസറിലെ ബ്രൂട്ടസ് തന്നെ തീർക്കാൻ വരുമ്പോൾ എന്നും വലംകെെ ആയിരുന്ന ആളാണല്ലോ എന്ന യാഥാർത്ഥ്യത്തിൽ, യൂ.. ടൂ… ബ്രൂട്ടസ് (നീയും കൂടിയോ ബ്രൂട്ടസ്) എന്ന ചതി… ജൂലിയറ്റിനെക്കൊണ്ട് പറയിപ്പിച്ചതോ… പേരിലെന്തിരിക്കുന്നു… അങ്ങനെയങ്ങനെ എത്രയെണ്ണങ്ങൾ…
ലേഡിമാക്ബത്ത് എന്ന ഷേക്സ്പിയർ നാടകങ്ങളിലെ അതിശക്തമായ ആ കഥാപാത്രം ചെയ്തുപോയ കൊടുംതെറ്റിനെക്കുറിച്ച് സങ്കടപ്പെട്ട് കുറ്റബോധത്തിന്റെ കടന്നൽക്കൂടിളകിയപ്പോൾ പറഞ്ഞുവച്ച ആ ഗദ്ഗദങ്ങളോ… തെംസ് നദിയിലെ ജലം പോരാ അന്യന്റെ രക്തം പുരണ്ട എന്റെ കെെകൾ കഴുകി, ശുദ്ധമാക്കാൻ… ആ കൊലയുടെ രക്തഗന്ധം തീർന്നുതീരാൻ അറേബ്യയിലെ സുഗന്ധക്കൂട്ടുകളും പോരാ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം തകർന്നാലും ഇംഗ്ലീഷുകാർക്ക് ഷേക്സ്പിയർ ഉണ്ടല്ലോ എന്നു ഒച്ചവച്ചത് ഡ്രെെഡനോ, എലിയറ്റോ, കാർലെെലോ…? കാർലെെൽ തന്നെയാവണം. 

Exit mobile version