Site icon Janayugom Online

പ്രഭാത് ബുക്ക് ഹൗസിന്റെ എഴുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

PBH

അക്ഷര മുന്നേറ്റത്തിന്റെ ഏഴു പതിറ്റാണ്ടു പിന്നിടുന്ന പ്രഭാത് ബുക്ക് ഹൗസിന്റെ എഴുപതാം ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ വായനാശീലം വളര്‍ത്തുന്നതിലും സാംസ്കാരിക ചിന്തക്ക് ആവേശം പകരുന്നതിലും പ്രഭാത് ബുക്ക് ഹൗസ് സുപ്രധാനമായ പങ്ക് വഹിച്ചുവെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. 

പുസ്തക പ്രസിദ്ധീകരണ രംഗത്തേക്ക് കോര്‍പ്പറേറ്റ് കമ്പനികള്‍ കടന്നുവന്ന് കമ്പോളത്തിനനുസൃതമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആശയങ്ങളില്‍ അടിയുറച്ചു നിന്ന് ശരിയുടെ പാതയിലൂടെ മാത്രം മുന്നോട്ട് പോയ പ്രസിദ്ധീകരണശാലയാണ് പ്രഭാത്. അതിന് കേരളത്തിലെ എല്ലാ എഴുത്തുകാരുടെയും പിന്തുണയും സഹകരണവും ഉണ്ടായിരുന്നു. പുതിയ കാലഘട്ടത്തില്‍ പ്രിന്റ് മീഡിയയും ഇലക്ടോണിക് മീഡിയയും പുതിയ തലത്തിലക്ക് വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ എഴുത്ത് മരിച്ചിട്ടില്ലെന്നും പുസ്തകങ്ങള്‍ ഇപ്പോഴും ജീവിക്കുന്നുവെന്നും തെളിയിക്കുന്ന സമൂഹമാണ് നമുക്കുള്ളത്. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ പരമാവധി പേരിലേക്കെത്തിക്കുവാന്‍ പ്രശസ്തമായ സേവനം പ്രഭാത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടിന്റെ സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായ പൊതുബോധത്തെ രൂപപ്പെടുത്തുന്നതിലും ചരിത്ര ബോധത്തെ നിര്‍മ്മിക്കുന്നതിലും പ്രഭാത് ബുക്ക് ഹൗസ് വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണെന്ന് പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു സംസാരിച്ച വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ തലമുറകളുടെയാകെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് പ്രഭാത് ബുക്ക് ഹൗസെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. 

പ്രഭാത് ബുക്ക് ഹൗസിന്റെ എഴുപത് വര്‍ഷത്തെ ചരിത്രം മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ രംഗവുമായി ബന്ധപ്പെട്ടിട്ടുള്ള ചരിത്രം തന്നെയാണെന്ന് ഭക്ഷ്യ‑പൊതു വിതരണ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പ്രഭാത് ബുക്ക് ഹൗസിനെപ്പോലുള്ള പ്രസാധകരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രഭാത് പ്രസിദ്ധീകരിച്ച വനം വന്യജീവി പരിസ്ഥിതി വിജ്ഞാനകോശത്തിന്റെയും പ്രഭാത് ബുക്ക് ഹൗസ് ചെയര്‍മാന്‍ സി ദിവാകരൻ രചിച്ച അമേരിക്കൻ യാത്രാനുഭവങ്ങളുടെയും പ്രകാശനം മന്ത്രി പി രാജീവ് നിർവഹിച്ചു. 

ചടങ്ങില്‍ സി ദിവാകരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എസ് ഹനീഫാ റാവുത്തർ, ഡോ. ജോർജ് ഓണക്കൂർ, പ്രൊഫ. ജി എൻ പണിക്കർ, ഡോ. എഴുമറ്റൂർ രാജരാജവർമ, എം ആർ ഗോപകുമാർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, കെ രാജു എന്നിവർ സംസാരിച്ചു. വിജ്ഞാനകോശത്തിന്റെ രചയിതാക്കളെയും ഫോട്ടോഗ്രാഫർമാരെയും ക്വിസ് മത്സര ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ ഗാനമേളയും നടന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാവിലെ ആരംഭിച്ച പുസ്തക പ്രദർശനം, ഫോട്ടോ പ്രദർശനം, സാഹിത്യകാര സംഗമം എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിര്‍വഹിച്ചു.

Eng­lish Sum­ma­ry: The 70th anniver­sary cel­e­bra­tions of Prab­hat Book House have started

You may also like this video

Exit mobile version