കുറത്തികാട് പൊന്നേഴയിൽ യുവാവിനെ ആക്രമിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ. പെരിങ്ങാല കാരായ്മ പ്ലാക്കോട്ട് തൈക്കതിൽ ശിൽപാലയത്തിൽ ശ്യാംരാജ് (29), പെരിങ്ങാല പ്ലാക്കോട്ട് സുധീഷ് ഭവനത്തിൽ സുധീഷ് (30), പെരിങ്ങാല മുതലശ്ശേരി കിഴക്കതിൽ അജി മോഹൻ (31) എന്നിവരെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21ന് രാത്രി 10.30 മണിയോടു കൂടി മോട്ടോർസൈക്കിളിലും സ്കൂട്ടറിലുമായി എത്തിയ അഞ്ച് പ്രതികൾ വഴിയരുകിൽ നിൽക്കുകയായിരുന്ന തെക്കേക്കര കുന്നിൽവീട്ടിൽ സച്ചിൻ സജീവി (21) നെ തടഞ്ഞു നിർത്തി ആക്രമിച്ചശേഷം കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും ഒന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയും കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കൊയ്പള്ളികാരായ്മ ഭാഗത്ത് വെച്ചാണ് പിടികൂടിയത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെകെ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു. ഇനിയും ഒളിവിലുള്ള രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കുറത്തികാട് എസ് എച്ച് ഒ, പി കെ മോഹിത് പറഞ്ഞു.
English Summary: The accused in the case of attacking the youth and robbing him of gold and mobile phone have been arrested