Site icon Janayugom Online

വിജയ്ബാബുവിനെ സഹായിച്ച നടനെ ഉടൻ ചോദ്യം ചെയ്യും

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന് സഹായം ചെയ്തു കൊടുത്ത നടനെ ഉടൻ ചോദ്യം ചെയ്യും. സംഭവദിവസം വിജയ്ബാബുവിനെയും പരാതിക്കാരിയെയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഒരുമിച്ചു കണ്ട മുൻനിര ഗായകന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തും.
കേസുമായി ബന്ധപ്പെട്ട് 30 പേരുടെ സാക്ഷിമൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാജ വാഗ്ദാനങ്ങൾ നൽകി പ്രതി പുതുമുഖ നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന സാക്ഷിമൊഴികളാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്.
ദുബായിൽ ഒളിവിലായിരുന്നപ്പോൾ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയത് നടനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമാലൊക്കേഷനിൽ വിജയ് ബാബുവിന്റെ അടുത്ത ബന്ധു എത്തിച്ച കാർഡുകൾ, നടൻ നെടുമ്പാശ്ശേരി വഴി ദുബായിൽ നേരിട്ടെത്തിയാണ് കൈമാറിയത്.
ഒളിവിലായിരുന്ന വിജയ്ബാബുവിനെ മറ്റു ചിലരും സഹായിച്ചു. ഇവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. വിജയ് ബാബുവിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയച്ചു.
സുഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോൺവിളികളും നടിയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും അന്വേഷണസംഘം പരിശോധിക്കും. ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബു 39 ദിവസത്തിനുശേഷം ബുധനാഴ്ചയാണ് കൊച്ചിയിലെത്തിയത്. ചൊവ്വാഴ്ച വരെ വിജയ്ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. 

Eng­lish Sum­ma­ry: The actor who helped Vijay­babu will be ques­tioned soon

You may like this video also

Exit mobile version