രാജ്യത്ത് കാര്‍ഷികമേഖലയില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങളാണ് അതിന് കാരണം. കാര്‍ഷിക മേഖലയെ ദേശീയ — അന്തര്‍ ദേശീയ കോര്‍പറേറ്റുകള്‍ക്ക് കെെമാറ്റം ചെയ്യുന്ന നടപടികള്‍ മൂന്നാമതും അധികാരം ലഭിച്ച നരേന്ദ്ര മോഡി സ്വീകരിച്ചുവരികയാണ്. കര്‍ഷകരെയും രാജ്യതാല്പര്യങ്ങളെയും അവഗണിക്കുന്ന നയങ്ങള്‍ക്കെതിരായി കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് ഓഗസ്റ്റ് 29, 30 തീയതികളില്‍ ചണ്ഡിഗഢ് കിസാന്‍ ഭവനില്‍ ചേര്‍ന്ന കിസാന്‍സഭ ദേശീയ എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ കര്‍ഷകരുടെ ദേശീയവേദിയായ സംയുക്ത കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ കര്‍ഷകര്‍ അണിനിരക്കണമെന്നും ദേശീയ എക്സിക്യൂട്ടീവ് അഭ്യര്‍ത്ഥിച്ചു. ദേശീയ പ്രസിഡന്റ് രാജന്‍ സാഗറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആര്‍ വെങ്കയ്യ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികമേഖലയിലേക്കുള്ള പദ്ധതിവിഹിതം ഓരോ ബജറ്റിലും വെട്ടിക്കുറയ്ക്കുകയാണ്. 2024ലെ ബജറ്റില്‍ 48 ലക്ഷം കോടി രൂപയാണ് പദ്ധതികള്‍ക്കായി മാറ്റിവച്ചത്. അതില്‍ കൃഷിക്ക് 1,51,851 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. പദ്ധതി ചെലവുകളുടെ 3.15 ശതമാനം മാത്രമാണിത്. ഓരോ വര്‍ഷവും കാര്‍ഷികമേഖലയ്ക്കുള്ള വകയിരുത്തല്‍ കുറഞ്ഞുവരികയാണ്. 2019–20ല്‍ 5.44, 2020–21ല്‍ 5.08, 2021–22ല്‍ 4.26, 2022–23ല്‍ 3.23, 2023–24ല്‍ 3.15 ശതമാനം എന്നിങ്ങനെ ഓരോ വര്‍ഷവും ക്രമമായി കുറച്ചാണ് കാര്‍ഷികമേഖലാ വിഹിതം വകയിരുത്തിയത്.
രാജ്യത്തെ 141 കോടിയിലധികം വരുന്ന ജനങ്ങളില്‍ 58 ശതമാനത്തിലധികം വരുന്ന 86 കോടിയിലധികം ജനങ്ങള്‍ കാര്‍ഷികമേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവരാണ്. ഇന്ത്യയിലെ തൊഴില്‍ശക്തിയില്‍ 45 ശതമാനം കാര്‍ഷികമേഖലയിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 65 കോടി ആളുകള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നു. കര്‍ഷകര്‍ക്കുള്ള വളം, വെെദ്യുതി, ഡീസല്‍, മണ്ണെണ്ണ സബ്സിഡികള്‍ എല്ലാം കുറയ്ക്കുകയാണ്. 2022–23ല്‍ 2,51,341 കോടിയാണ് വളം സബ്സിഡിക്കായി ബജറ്റില്‍ അനുവദിച്ചിരുന്നത്. 2024–25ല്‍ 1,64,102.5 കോടിയായി വെട്ടിക്കുറച്ചു. ഒരു വര്‍ഷംകൊണ്ട് 34.7 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. സബ്സിഡികള്‍ കുറച്ചതിന്റെ ഫലമായി ഉല്പാദനച്ചെലവ് പതിന്മടങ്ങ് വര്‍ധിക്കുകയാണ്. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് കൃഷിയിടങ്ങള്‍ തരിശിടുന്ന പ്രവണത രാജ്യത്തുടനീളം കാണാം. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തരിശിടുവാന്‍ അവര്‍ നിര്‍ബന്ധിതമാകുന്നു. നിര്‍വാഹമില്ലാതെ തരിശിട്ട ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വന്‍കിടപദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ വളര്‍ന്നുവരുന്നു. കോര്‍പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി ഭൂമി പാട്ടത്തിനെടുക്കുന്നത് വ്യാപകമായി. അത്തരം നീക്കങ്ങള്‍ക്ക് നിയമസാധുത നല്‍കുക എന്ന ലക്ഷ്യവും പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമത്തിനുണ്ടായിരുന്നു. തരിശിട്ട ഭൂമി ഏറ്റെടുത്ത് ഇന്ത്യന്‍ കാര്‍ഷികമേഖല കെെവശപ്പെടുത്തുക എന്നതാണ് കോര്‍പറേറ്റുകളുടെ ലക്ഷ്യം. അതിനെതിരെ കര്‍ഷകര്‍ രാജ്യത്തുടനീളം രംഗത്തുവന്നു. ആപത്ത് തിരിച്ചറിഞ്ഞ നാമമാത്ര ചെറുകിട, ഇടത്തരം, ധനിക — അതിധനിക കര്‍ഷകരും ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ചു. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ സമിതി രൂപീകരിച്ച് ഒരു വേദിയില്‍ അണിനിരന്ന് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. എഴുന്നൂറിലധികം കര്‍ഷകര്‍ പ്രതിഷേധസമരത്തില്‍ മരണപ്പെട്ടു.
ബജറ്റില്‍ ഭക്ഷ്യസബ്സിഡിയും കുറച്ചുകൊണ്ടുവരുന്നു. 2022–23ല്‍ 2,73,101 കോടി ഭക്ഷ്യ സബ്സിഡിക്കായി മാറ്റിവച്ചത് 2023–24ല്‍ 2,05,700 ആയി കുറച്ചു. കുറവ് 24.7 ശതമാനമാണ്. ഭക്ഷ്യസബ്സിഡിയില്‍ വരുത്തിയ വെട്ടിക്കുറവിന്റെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുത്തനെ കയറി. സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം വന്നുചേര്‍ന്നു. പ്രകൃതിക്ഷോഭം കാരണം കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയാതായി. തങ്ങള്‍ ഉല്പാദിപ്പിക്കുന്ന വിളകളെല്ലാം നശിക്കുകയാണ്. നശിച്ച വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല. വിള ഇന്‍ഷുറന്‍സ് പദ്ധതി കര്‍ഷകരുടെ കണ്ണില്‍പ്പൊടിയിടല്‍ മാത്രമാണ്. യഥാര്‍ത്ഥ നഷ്ടം കണക്കാക്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമമുണ്ടാകണം. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. മണ്ണും ജലവും സംരക്ഷിച്ചുകൊണ്ട് മാത്രമേ കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ കഴിയുകയുള്ളു. പരിസ്ഥിതിയുടെ സംരക്ഷണവും കാര്‍ഷിക മേഖലയ്ക്ക് ആവശ്യമാണ്.
പ്രകൃതിദുരന്തമുണ്ടായാല്‍ സംസ്ഥാനങ്ങളെ നിശ്ചിതമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. തങ്ങളുടെ രാഷ്ട്രീയ താല്പര്യം നോക്കി സഹായം അനുവദിക്കുന്നു. പ്രകൃതിദുരന്തത്തില്‍ ആന്ധ്രയ്ക്കും ബിഹാറിനും വലിയ സഹായം നല്‍കിയപ്പോള്‍ കേരളത്തെ അവഗണിച്ചു. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഷിക വിളകളുടെ വില സംബന്ധമായി നടത്തിയ പഠനം ഞെട്ടിപ്പിക്കുന്നതാണ്. കമ്പോളത്തില്‍ ഉല്പന്നങ്ങള്‍ക്ക് ലഭിക്കുന്ന വിളയുടെ 40 ശതമാനത്തില്‍ താഴെ മാത്രമാണ് കൃഷിക്കാര്‍ക്ക് ലഭിക്കുന്നത്. കമ്പോള വിലയുടെ വാഴപ്പഴം 31, തക്കാളി 33, ഉള്ളി 36, മുന്തിരി 35 ശതമാനം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. പ്രാദേശിക അടിസ്ഥാനത്തില്‍ കര്‍ഷക ചന്തകള്‍ക്ക് രൂപം നല്‍കുകയും കര്‍ഷകരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടാക്കുകയും വേണം. കാര്‍ഷികോല്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാക്കണം. അതിനായി പദ്ധതികള്‍ ആവശ്യമാണ്.
നാമമാത്ര‑ഇടത്തരം കര്‍ഷകര്‍ക്ക് കൃഷി ചെയ്യുന്നതിനായി പലിശരഹിത വായ്പ ലഭ്യമാക്കുവാനുള്ള പദ്ധതികളും നടപ്പിലാക്കണം. അത്തരം പദ്ധതികളിലൂടെ മാത്രമേ കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ കഴിയുകയുള്ളു. അതിനായി കേന്ദ്ര ബജറ്റില്‍ ആവശ്യത്തിന് പണം അനുവദിക്കേണ്ടതായിട്ടുണ്ട്. സംസ്ഥാനങ്ങളും അവരുടെ ബജറ്റില്‍ കൂടുതല്‍ വിഹിതം കാര്‍ഷിക മേഖലയ്ക്കായി മാറ്റിവയ്ക്കണം. കനാലുകള്‍ മണ്ണ് നിറഞ്ഞ് ഉപയോഗശൂന്യമാണ്. കൃഷിയിടങ്ങളില്‍ വെള്ളം ലഭിക്കുന്നില്ല. കൃഷിക്കാര്‍ സ്വന്തം ചെലവില്‍ കനാലുകളിലൂടെയുള്ള വെള്ളം കൃഷിയിടങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയാതെ വരുന്നു. ആവശ്യമായ പണം ലഭ്യമാക്കിയാലെ ഇത് സുഗമമാക്കാന്‍ കഴിയൂ.
കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പദ്ധതികള്‍ ആവിഷ്കരിച്ചില്ലെങ്കില്‍ രാജ്യം ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയില്‍ അകപ്പെടും. ബംഗാള്‍ ക്ഷാമം നമ്മുടെ മുന്നിലുണ്ട്. 141 കോടിയിലധികം ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഇറക്കുമതിയിലൂടെ പരിഹരിക്കുവാന്‍ കഴിയില്ല. ഭക്ഷ്യവിപണി ആഗോള കോര്‍പറേറ്റുകള്‍ ഇതിനകം തന്നെ കയ്യടക്കിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ അവരുടെ സംഭരണശാലകളിലാണ്. അവരുടെ മുമ്പില്‍ ഭക്ഷണത്തിനായി കെെനീട്ടേണ്ട സാഹചര്യമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യത്തിന് വരുംകാലങ്ങളില്‍ വന്നുചേരുക.
കാര്‍ഷിക മേഖലയില്‍ വളര്‍ന്നുവരുന്ന ഗുരുതരമായ പ്രതിസന്ധി മുന്നില്‍ക്കണ്ട് കര്‍ഷകരെ അണിനിരത്തുവാനുള്ള പരിപാടികള്‍ക്ക് എഐകെഎസ് ദേശീയ എക്സിക്യൂട്ടീവ് രൂപം നല്‍കിയിട്ടുണ്ട്. വിവിധ വിളകളുടെ അടിസ്ഥാനത്തില്‍ കര്‍ഷക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. നാളികേരം, റബ്ബര്‍, ഉരുളക്കിഴങ്ങ്, ഉള്ളി, നെല്ല്, ഗോതമ്പ്, ക്ഷീരം, കിഴങ്ങ് വര്‍ഗങ്ങള്‍ തുടങ്ങിയ മേഖലകളിലെ കണ്‍വെന്‍ഷന്‍ ചേര്‍ന്ന് കര്‍ഷകരെ അണിനിരത്തും. വിവിധ സംസ്ഥാനങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും എല്ലാ പ്രദേശങ്ങളിലും എഐകെഎസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും തീരുമാനങ്ങള്‍ കെെക്കൊള്ളും.
ദേശീയ സമ്മേളനം 2025 ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെ തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നടത്തും. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ നാല് ഭാഗങ്ങളില്‍ നിന്നും കര്‍ഷക ജാഥകള്‍ ആരംഭിക്കും. പ്രാദേശികതലം മുതല്‍ സമ്മേളനം പൂര്‍ത്തിയാക്കുവാനും, 2025 ജനുവരി അവസാനിക്കുന്നതിന് മുമ്പായി സംസ്ഥാന സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കുവാനും കൂടി എക്സിക്യൂട്ടീവ് തീരുമാനിച്ചിട്ടുണ്ട്.
എഐകെഎസ് ദേശീയാടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ച അതുല്‍ കുമാര്‍ അന്‍ജാന്റെ പേരില്‍ എഐകെഎസ് കേന്ദ്ര ഓഫിസ് ‘അന്‍ജാന്‍ ഭവന്‍’ എന്ന പേരില്‍ ആരംഭിക്കണമെന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന പ്രതിജ്ഞയോടെയാണ് രണ്ട് ദിവസത്തെ ദേശീയ എക്സിക്യൂട്ടീവ് അവസാനിച്ചത്.