Site icon Janayugom Online

പെരുമഴയില്‍ കാർഷിക മേഖല ദുരിതത്തിലായി

കാലം തെറ്റി വന്ന വേനൽ മഴ കനത്തതിനു പിന്നാലെ ഇടവം പിറക്കുകയും കൂടി ചെയ്തതോടെ സംസ്ഥാനത്തെ കാർഷിക മേഖല ദുരിതത്തിലായി. മുഖ്യമായും, ഹെക്ടർ കണക്കിനു പാടശേഖരങ്ങളിലെ പൂവിട്ടതും കൊയ്യാൻ പാകമായതുമായ നെൽകൃഷി പാടേ നശിച്ചു.

വേനൽ മഴയുടെ തുടക്കത്തിലെ ചുരുക്കം ചില ദിവസങ്ങളിൽ മാത്രം ഇടുക്കി2.73,കോടി, കോട്ടയം 21.58 കോടി, പത്തനംതിട്ട 3.80 കോടി, ആലപ്പുഴ 67 കോടി, എറണാകുളം 14 കോടി, പാലക്കാട് 86,43 ലക്ഷം, വയനാട് 40. 32 കോടി എന്നിങ്ങനെ നഷ്ടം സംഭവിച്ചതായാണ് കൃഷിവകുപ്പ് പുറത്തുവിട്ട കണക്ക്. 10. 20 മുതൽ 4,841 വരെയുള്ള ഹെക്ടർ സ്ഥലത്തെ കൃഷിയാണ് ആ ദിവസങ്ങളിൽ മാത്രം നശിച്ചത്.

ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ആലപ്പുഴ ജില്ലയിലാണ്. ഈ ജില്ലകളിൽ പതിനായിരക്കണക്കിന് കർഷകർ ദുരിതത്തിനിരയായി. വിശദമായ കണക്കുകളും വിവരങ്ങളും വരാതിരിക്കുന്നതേയുള്ളു. തൃശൂർ ജില്ലയിലെ 30, 000 ഏക്കറോളം വരുന്ന കോൾ നിലങ്ങളിലെ കൃഷിക്കാർക്ക് വലിയ തിരിച്ചടിയാണേറ്റത്. രണ്ടാം പൂവ് കൃഷി ചെയ്ത 6,000 — 7,000 ഏക്കറിലെ നെല്ല് കൊയ്യാൻ കഴിയാതെ നശിച്ചു കൊണ്ടിരിക്കുന്നു.

നികുതി — ബാങ്ക് വായ്പ കുടിശികകളും ജപ്തി നടപടിയുമൊക്കെ കാർഷിക മേഖലയെ സ്ഥിരം അലട്ടുന്ന വിഷയങ്ങളാണെങ്കിലും ബാങ്ക് വായ്പ കുടിശികയും നികുതി കുടിശികയും മൂലം വലിയ തോതിൽ ജപ്തി ഭീഷണി നേരിടുകയാണ് വയനാട്ടിലെ കർഷകർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി കുടിശികയുള്ള ജില്ലയാണ് വയനാട്.

കർഷകർ കൂട്ടായ്മകളിലൂടെ കൃഷിയിറക്കിയ ഏക്കർ കണക്കിനു വയലേലകളും വെള്ളത്തിനടിയിലാണ്. മഴ ശമിക്കുകയോ വെള്ളമിറങ്ങുകയോ ചെയ്താലും ആഴ്ചകളായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കതിരുകൾ കൊണ്ട് പ്രയോജനമുണ്ടാവില്ലെന്നു കൃഷിക്കാർ പറയുന്നു. പാടശേഖരങ്ങളിൽ നിന്നു വെള്ളമിറങ്ങിപ്പോകാനുള്ള തോടുകൾ മാലിന്യം നിറഞ്ഞ് അടഞ്ഞതും തദ്ദേശ സമിതികൾ തോട് നവീകരണത്തിൽ അനാസ്ഥയുമാണ്, അഞ്ചും പത്തും ഏക്കറുള്ള കണ്ടങ്ങളിലെ ദു: സ്ഥിതിക്കു കാരണം.

ഏലം, വാഴ, നാളികേരം, റബർ, കാപ്പി, കുരുമുളക്, കൊക്കോ, ജാതി, കപ്പ, കമുങ്ങ്, വെറ്റില, പച്ചക്കറി കൾ എന്നിങ്ങനെ ഇവ കൂടുതലായി കൃഷി ചെയ്യുന്നയിടങ്ങളിൽ വലിയ നാശമുണ്ടായിട്ടുണ്ട്.

ഇതിനു മുമ്പ് 2014 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് വേനൽ മഴ ഇതുപോലെ നീണ്ടു നിന്നതും ദുരിതം വിതച്ചതുമെന്ന് കർഷകർ പറയുന്നു. വേനൽ മഴ സാധാരണയായി കാർഷിക മേഖലയ്ക്ക് അനുഗ്രഹമാണ്. പക്ഷേ, അത് തുടർച്ചയായി നീണ്ടാൽ ദോഷവുമാണ്. ഇക്കുറി മാർച്ച് ആദ്യവാരം മുതൽ വേനൽ മഴ തുടക്കത്തിൽ ഇടവിട്ടായിരുന്നെങ്കിലും പിന്നീട് പലയിടത്തും ശക്തിയായ കാറ്റോടെ തുടർച്ചയായിട്ടായിരുന്നു. പിന്നാലെ ഇടവവുമെത്തി.

ഇതിനിടെ, ഈ കെടുതിക്കിടയിലും അവസരം കാത്തിരുന്നിട്ടെന്ന പോലെ, നെൽകൃഷിക്കാരെ ചൂക്ഷണം ചെയ്യാൻ മില്ലുടമകൾ ആസൂത്രിതമായി രംഗത്തിറങ്ങിയിരിക്കുന്നെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.

കൊയ്തെടുക്കാൻ കഴിയുന്ന പാടശേഖരങ്ങളിൽ നിന്ന് നെല്ല് കിട്ടിയാലും അത് അരിയാക്കാൻ പാകത്തിൽ ഉണക്കിയെടുക്കാനും അരിയാക്കാനുമൊക്കെ സാധാരണയിൽ നിന്നു ചെലവ് കൂടുമെന്നും അതിനാൽ കൃഷിക്കാർ നെല്ല് വില കുറച്ചു വില്ക്കാൻ തയ്യാറാകണമെന്നുമാണ് ചിലയിടങ്ങളിലെ മില്ലുടമകൾ നിർബന്ധം പിടിക്കുന്നതെന്നാണ് പരാതി. മുടക്കു മുതൽ പോലും വെള്ളത്തിലായ സാഹചര്യത്തിലാണ് കൃഷിക്കാരോട് മില്ലുടമകളുടെ വിലപേശൽ.

സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും സഹായം നൽകുമെന്നാണ് കൃഷിക്കാരുടെയും കർഷക സംഘടനകളുടെയും പ്രതീക്ഷ. രണ്ടാം എൽഡിഎഫ് സർക്കാർ നേരത്തേ വിളനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരമായി 63.19 കോടി രൂപ കൃഷി വകുപ്പ് മുഖേന വിതരണം ചെയ്തിരുന്നു.

Eng­lish summary;The agri­cul­tur­al sec­tor was in dis­tress due to the heavy rains

You may also like this video;

Exit mobile version