Site icon Janayugom Online

വിമാനത്താവളകമ്പനി ഇനി ജലവൈദ്യുതിയും ഉൽപ്പാദിപ്പിക്കും

സൗരോർജ വിമാനത്താവളം എന്ന നേട്ടത്തിനുപിന്നാലെ, ജലവൈദ്യുത ഉൽപ്പാദനരംഗത്തേക്ക് ചുവടുവച്ച് സിയാൽ. നിർമാണം പൂർത്തിയായ ആദ്യ ജലവൈദ്യുത പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കോഴിക്കോട് അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് ജലവൈദ്യുതനിലയം സ്ഥാപിച്ചത്. സംസ്ഥാന വൈദ്യുതിവകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയംപ്രകാരമാണ് സിയാലിന് പദ്ധതി അനുവദിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും അതിവേഗം പദ്ധതി പൂർത്തിയാക്കാൻ സിയാലിനായി. 4.5 മെഗാവാട്ടാണ് ശേഷി. പദ്ധതിക്കായി 32 സ്ഥലമുടമകളിൽനിന്നായി അഞ്ചേക്കർ സ്ഥലം ഏറ്റെടുത്തു. ഇരുവഴിഞ്ഞിപ്പുഴയ്ക്കുകുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടി അരക്കിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേക്ക് പെൻസ്റ്റോക്ക് കുഴൽവഴി വെള്ളമെത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. 52 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2015ൽ വിമാനത്താവളം ഊർജ സ്വയംപര്യാപ്തത കൈവരിച്ചശേഷം, വൈദ്യുതോൽപ്പാദനരംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പാണിത്. പദ്ധതി പൂർത്തിയാക്കാൻ സിയാൽ ചെയർമാൻ എന്നനിലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വവും മാർഗനിർദേശങ്ങളും നിർണായകമായെന്ന് സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു. നവംബർ ആറിന് പകൽ 11ന് സെക്രട്ടറിയറ്റ്, കൊച്ചി സിയാൽ, കോഴിക്കോട് അരിപ്പാറ പവർഹൗസ് എന്നിവിടങ്ങളിലായി ഓൺലൈനായാണ് ഉദ്ഘാടനം. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും.

Eng­lish Sum­ma­ry: The air­port com­pa­ny will now also gen­er­ate hydropower

 

You may like this video also

Exit mobile version