Site iconSite icon Janayugom Online

ഉത്തർപ്രദേശ് മദ്രസ അന്വേഷണം; സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി, എൻ എച്ച് ആർ സിയ്ക്ക് നോട്ടീസ്

ഉത്തർപ്രദേശിലെ 558 എയ്ഡഡ് മദ്രസകളിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം അലഹബാദ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഈ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അടക്കം ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ചുകൊണ്ട് മുഹമ്മദ് തൽഹ അൻസാരി എന്ന വ്യക്തി നൽകിയ പരാതിയിലാണ് എൻ എച്ച് ആർ സി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഏപ്രിലിലാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം മദ്രസകളിൽ അന്വേഷണം ആരംഭിച്ചത്. 2025 ഫെബ്രുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിൽ എൻ എച്ച് ആർ സി പുറപ്പെടുവിച്ച ഉത്തരവുകളുമായി ബന്ധപ്പെട്ടതാണ് നിലവിലെ കേസ്. ജസ്റ്റിസുമാരായ സരൾ ശ്രീവാസ്തവ, അമിതാഭ് കുമാർ റായ് എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ട് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത വാദം കേൾക്കുന്നത് നവംബർ 17ലേക്ക് മാറ്റിയിട്ടുണ്ട്.

മദ്രസകൾ സമർപ്പിച്ച ഹർജിയിൽ, 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ ചില വകുപ്പുകൾ ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനു ശേഷമുള്ള ലംഘനങ്ങൾ അന്വേഷിക്കുന്നതിൽ നിന്ന് എൻ എച്ച് ആർ സിയെ സെക്ഷൻ 36(2) വിലക്കുന്നുണ്ടെന്നും, അന്വേഷണത്തിനുള്ള പരാതിയിൽ നിയമലംഘനം നടന്ന തീയതി കൃത്യമായി പറയുന്നില്ലെന്നും ഹർജിയിൽ വാദിച്ചു. അതിനാൽ അന്വേഷണ ഉത്തരവുകൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ തുടർനടപടികൾ തീരുമാനിക്കുന്നതിന് മുമ്പ് എല്ലാ കക്ഷികളുടെയും നിലപാടുകൾ കേൾക്കാനാണ് കോടതിയുടെ തീരുമാനം. ഇതിനായി നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോടും കമ്മീഷനോടും കോടതി നിർദേശിച്ചു.

Exit mobile version