Site iconSite icon Janayugom Online

സ്വപ്നയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; കെ ടി ജലീല്‍

സ്വപ്നയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കെ ടി ജലീല്‍ എംഎല്‍എ. മാധവ വാര്യരെ അറിയാമെന്നും അദ്ദേഹവുമായി സൗഹൃദബന്ധം മാത്രമാണുള്ളതെന്നും കെ ടി ജലീല്‍ പറഞ്ഞു.

മാധവ വാര്യര്‍ തന്റെ ബിനാമിയാണെന്ന് സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടിയായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വപ്ന സുരേഷ് ജോലിചെയ്യുന്ന എച്ച്ആര്‍ഡിഎസ് എന്ന കമ്പനിയുമായി മാധവവാര്യര്‍ക്ക് തര്‍ക്കങ്ങള്‍ ഉണ്ട്. അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസിന് വേണ്ടി 200ല്‍ അധികം വീടുകള്‍ നിര്‍മിച്ചു നല്‍കിയത് വാര്യര്‍ ഫൗണ്ടേഷനാണ്. അവര്‍ക്ക് എച്ച്ആര്‍ഡിഎസ് കൊടുക്കേണ്ട പണം നല്‍കിയിട്ടില്ല. വണ്ടി ചെക്കാണ് നല്‍കിയത്. ഇതേ തുടര്‍ന്നുളള കേസ് ബോംബെ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.

അതുമായി ബന്ധപ്പെട്ടുള്ള പ്രതികാരമായാണ് മാധവവാര്യരുടെ പേര് സ്വപ്ന പറയാനിടയായത്.അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കേസിനെക്കുറിച്ചുള്ള വിവരം തന്നെ അറിയിച്ചത്. തനിക്കും മാധവ വാര്യരുമായി സുഹൃദ് ബന്ധം മാത്രമാണുള്ളത്. തന്റെയും അദ്ദേഹത്തിന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അത് മനസിലാക്കാമെന്നും കെടി ജലീല്‍ വ്യക്തമാക്കി.

ഷാര്‍ജ സുല്‍ത്താന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി ലിറ്റ് നല്‍കിയത് തന്റെ പ്രേരണയിലാണെന്ന ആരോപണവും കെടി ജലീല്‍ തളളി. ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കുവാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി തീരുമാനിക്കുന്നത് 2014 ലാണ്. അന്ന് വിദ്യാഭ്യസമന്ത്രി അബ്ദുറബ് ആണ്.

ആ സമയത്ത് കാലിക്കറ്റ് വിസിയായിരുന്ന അബ്ദുള്‍ സലാം ഇന്ന് ബിജെപി നേതാവാണ്. ഈ കാര്യങ്ങളില്‍ സംശയമുള്ളവര്‍ക്ക് അദ്ദേഹത്തോട് ചോദിക്കാം. നട്ടാല്‍ കുരുക്കാത്ത നുണകളാണ് നാട്ടില്‍ പ്രചരിപ്പിക്കുന്നത്. ഇവയെല്ലാം ജനങ്ങള്‍ തള്ളികളയും.നേരത്തെ നല്‍കിയ കേസിന്റെ ഭാഗമാക്കുവാന്‍ ഈ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ ബന്ധപ്പെട്ടവരോട് പറയുമെന്നും കെ ടി ജലീല്‍ കൂട്ടിചേര്‍ത്തു.

Eng­lish summary;The alle­ga­tions of the swap­na are base­less; KT Jalil

You may also like this video;

YouTube video player
Exit mobile version