Site iconSite icon Janayugom Online

ദേശീയ പതാകയ്ക്കായി വിദ്യര്‍ത്ഥികളില്‍ നിന്നും പിരിച്ചെടുത്ത തുക തിരികെ നല്‍കും

നെടുങ്കണ്ടം : വീടുകളില്‍ ഉയര്‍ത്തുവാനുള്ള ദേശീയ പതാക കിട്ടാതെ വന്നതോടെ വിദ്യര്‍ത്ഥികളില്‍ നിന്നും പിരിച്ചെടുത്ത തുക തിരികെ നല്‍കുവാന്‍ ഒരുങ്ങി വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. 13ന് രാവിലെ വീടുകളില്‍ ഉയര്‍ത്തേണ്ട ദേശീയ പതാകകള്‍ സ്കൂളുകള്‍ വഴി വിതരണം ചെയ്യുമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. ഇതിന്‍ പ്രകാരം വിദ്യാര്‍ത്ഥികളില്‍ നിന്നും ദേശീയ പതാകയുടെ വില സ്‌കൂള്‍ അധികൃതര്‍ വാങ്ങിയിരുന്നു. പതാക ലഭിച്ച് കഴിയുമ്പോള്‍ ഈ തുക അതാത് പഞ്ചായത്തിലെ കുടുംബശ്രീയ്ക്ക് നല്‍കുവാനാണ് നിര്‍ദ്ദേശം.

എന്നാല്‍ പതാക ലഭിക്കാതെ വന്നതോടെയാണ് പല സ്‌കൂള്‍ അധികൃതരും കുട്ടികള്‍ക്ക് തുക തിരികെ നല്‍കുവാന്‍ തീരുമാനിച്ചത്. കൃത്യസമയത്ത് ദേശീയ പതാക സ്‌കൂളുകളില്‍ നിന്നും ലഭിക്കാതെ വന്നതോടെ മിക്ക ആളുകളും പുറത്ത് കടകളില്‍ നിന്നും കൂടിയ വിലയ്ക്ക് വാങ്ങി. 50 മുതല്‍ 200 വരെയുള്ള നിരക്കിലാണ് ദേശീയ പതാക വാങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതോടെ പല രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരെ വിളിച്ച് തുക തിരികെ നല്‍കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പകരം സംവിധാനമെന്ന നിലയില്‍ 43,000 ദേശീയ പതാകകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഇന്നലെ വൈകുന്നേരത്തോടെ വിതരണം ചെയ്യുവാന്‍ എത്തിച്ചു. പുതിയ കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്തി വേഗത്തില്‍ ദേശിയ പതാകകള്‍ എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

30, 20 എന്നീ നിരക്കുകളില്‍ രണ്ട് തരത്തിലുള്ള ദേശീയ പതാക സ്‌കൂളുകള്‍ വഴി വിതരണം നടത്തുമെന്നാണ് കുടുംബശ്രീ ജില്ലാ മിഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ നിര്‍ദ്ദിഷ്ട വലിപ്പത്തിലും മറ്റും അല്ലാതെ നിര്‍മ്മിച്ച ദേശിയ പതാകകളാണ് കരാര്‍ എടുത്ത കുടുംബശ്രീ യൂണിറ്റുകള്‍ വ്യാഴാഴ്ച എത്തിച്ചത്. പോരയ്മകളുള്ള ദേശിയ പതാകളാണ് എത്തിയതെന്ന് കണ്ടെത്തിയതോടെ ഇത്തരത്തില്‍ എത്തിയ 1.30ലക്ഷം പതാകകളും കുടുംബശ്രീ ജില്ലാ മിഷന്‍ പിന്‍വലിക്കുകയായിരുന്നു.

Eng­lish Sum­ma­ry: The amount col­lect­ed from the stu­dents for the nation­al flag will be refunded
You may also like

Exit mobile version