മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.05 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കന്റിൽ 467 ഘനയടി വെള്ളം മാത്രമാണ് നിലവിൽ തമിഴ്‌നാട് കൊണ്ടു പോകുന്നത്. മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിരുന്നു.
അതേ സമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിൽ തൽക്കാലം മാറ്റമുണ്ടാകില്ല. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. കേസിൽ അടിയന്തര ഉത്തരവ് ഇപ്പോൾ വേണ്ടെന്ന കേരളത്തിൻറെ നിലപാട് അംഗീകരിച്ചാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. നിലവിലെ റൂൾകർവ് അനുസരിച്ച് ജലനിരപ്പ് ഈ മാസം 142 അടിയാക്കി ഉയർത്താൻ തൽക്കാലം തമിഴ്നാടിന് തടസമില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയർത്തരുതെന്ന കേരളത്തിൻറെ ആവശ്യമായിരുന്നു സുപ്രീം കോടതിക്ക് മുന്നിലുണ്ടായിരുന്നത്. അതിനായി നിലവിൽ തീരുമാനിച്ചിരിക്കുന്ന റൂൾകർവ് പുനഃക്രമീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ വിശദമായ പരിശോധനയാണ് വേണ്ടതെന്ന് കേരളം അറിയിച്ചു. അതിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം. അതുവരെ മേൽനോട്ട സമിതി അംഗീകരിച്ച റൂൾകർവ് പ്രകാരം ജലനിരപ്പ് നിശ്ചയിക്കാനുള്ള ഇടക്കാല ഉത്തരവ് തുടർന്നതിൽ എതിർപ്പില്ലെന്നും കേരളം വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേസ് ഡിസംബർ 10ലേക്ക് മാറ്റിവച്ചു. ഇടക്കാല ഉത്തരവ് തുടരുന്നതിൽ എതിർപ്പില്ലെന്ന് കേരളം അറിയിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് ഈമാസം 142 അടിയാക്കി ഉയർത്താൻ തമിഴ് നാടിന് തടസമില്ല.
english summary;The amount of water carried from Mullaperiyar to Tamil Nadu has been reduced
you may also like this video;