Site iconSite icon Janayugom Online

മരണം വിതയ്ക്കുന്ന ‘സമാധാന ദൂതന്‍’

ട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദം പരസ്യമായി ഉന്നയിക്കുകയും സമാധാന നൊബേല്‍ ആവശ്യപ്പെടുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ യുദ്ധം ആരംഭിച്ചു. സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കിടയിലും യുഎസ് കോണ്‍ഗ്രസുമായോ പൊതുജനങ്ങളുമായോ കൂടിയാലോചന നടത്താതെ, ഇസ്രയേലുമായി സഹകരിച്ച് നിയമപരമായ അടിത്തറയില്ലാത്ത നടപടിയാണ് യുഎസ് പ്രസിഡന്റ് ഇറാനില്‍ നടത്തിയത്. ആദ്യ ബോംബുകൾ വീണതിന് ശേഷമുള്ള ട്രംപിന്റെ എട്ട് മിനിറ്റ് പ്രസംഗത്തിൽ, ആണവ ചര്‍ച്ചകളില്‍ ഇളവുകള്‍ക്ക് വഴങ്ങാന്‍ ഇറാനെ പ്രേരിപ്പിക്കുന്നതിനുള്ള പരിമിതമായ ആക്രമണമല്ല ഇതെന്ന് വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഉന്നത ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെടുമെന്നും രാജ്യത്തിന്റെ സായുധ സേനയെ തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനിയൻ പ്രതിപക്ഷത്തിനും രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങൾക്കും ഉയർന്നുവന്ന് ഭരണകൂടത്തെ താഴെയിറക്കാനുള്ള ഒരു വഴി കൂടിയാണ് ട്രംപ് തുറന്നുകൊടുത്തത്. “ഇറാനിലെ എല്ലാ ജനങ്ങളും — പേർഷ്യക്കാർ, കുർദുകൾ, അസർബൈജാനികൾ, ബലൂചികൾ, അഖ്വാഖുകൾ — സ്വേച്ഛാധിപത്യത്തിന്റെ ഭാരം സ്വയം ഉപേക്ഷിച്ച് സ്വതന്ത്രവും സമാധാനം ആഗ്രഹിക്കുന്നതുമായ ഒരു ഇറാൻ സൃഷ്ടിക്കേണ്ട സമയമാണിതെന്നും” ട്രംപ് ആ­ഹ്വാനം ചെയ്തിരുന്നു. ഇറാനിലെ തീവ്രവാദ ഭരണകൂടം ഉയർത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കാൻ തന്റെ രാജ്യം യുദ്ധത്തിൽ പങ്കുചേർന്നുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. 

ഇറാനിലെ ആക്രമണത്തിനു 10 ദിവസം മുമ്പ്, ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുമെന്ന് കൊട്ടിഘോഷിക്കപ്പെട്ട സമാധാന ബോര്‍ഡിന്റെ ഉദ്ഘാടന യോഗത്തിന് ട്രംപ് ആതിഥേയത്വം വഹിച്ചുവെന്നതാണ് മറ്റൊരു വിരോധാഭാസം. യുഎസിനെതിരെ വിശ്വസനീയവും ആസന്നവുമായ ഭീഷണിയുടെ അഭാവത്തിൽ ഇറാനെതിരായ ആക്രമണം യുഎൻ ചാർട്ടറിന്റെ വ്യക്തമായ ലംഘനമാണ്. ടെഹ്‌റാൻ നേതൃത്വത്തെ “കഠിനരും ഭയങ്കരരുമായ ആളുകളുടെ ഒരു ദുഷ്ട സംഘം” എന്നും യുഎസും ഇസ്ലാമിക് റിപ്പബ്ലിക്കും തമ്മിലുള്ള 47 വർഷത്തെ ശത്രുത അവസാനിപ്പിക്കണമെന്നുമുള്ള ട്രംപിന്റെ കാരണങ്ങള്‍ വെറും വിലകുറഞ്ഞ ന്യായീകരണം മാത്രമാണ്. ഇറാനെതിരായ ആക്രമണത്തോടുകൂടി സമാധാന ബോർഡിൽ ട്രംപ് സ്വയം ന്യായീകരിക്കേണ്ട ആവശ്യം ഇനിയില്ല. പ്രസിഡന്റെന്ന നിലയില്‍ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിലൊന്നും കൈകടത്താന്‍ ഒരു നിയമവും ട്രംപിനെ അനുവദിക്കുന്നില്ല. സമാധാന ബോര്‍ഡ് സംഘർഷം പരിഹരിക്കുന്നതിനുള്ള ഒരു വേദിയല്ല, മറിച്ച് ട്രംപിന്റെ രാഷ്ട്രീയ, സാമ്പത്തിക താല്പര്യങ്ങൾക്കുള്ള മാര്‍ഗമാണെന്ന് കൂടുതൽ വ്യക്തമായി. ബോർഡ് അംഗങ്ങളായി ഒപ്പുവച്ച നേതാക്കളും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ പങ്കാളികളാണ്. യുദ്ധക്കൊതിയനായ ഒരു പ്രസിഡന്റാക്കി ട്രംപിനെ മാറ്റിയത് എന്താണെന്ന് പൂർണമായും വ്യക്തമല്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള എതിര്‍പ്പുകള്‍, ജനപ്രീതിയിലെ ഇടിവ്, താരിഫ് നയത്തിനെതിരായ സുപ്രീം കോടതി വിധി എന്നിവയൊക്കെ ട്രംപിനെ അസ്വസ്ഥനാക്കിയിരിക്കാം. താരിഫുകള്‍ക്കെതിരായ സുപ്രീം കോടതി വിധി ഇറാനെതിരായ ആക്രമണത്തിനുള്ള സാധ്യത വർധിപ്പിച്ചുവെന്ന് ട്രംപിന്റെ മുന്‍ വാണിജ്യ സെക്രട്ടറി വിൽബർ റോസ് പറയുന്നു. പ്രശ്നങ്ങളിൽ അകപ്പെടുമ്പോൾ ട്രംപ് അസ്വസ്ഥനാകുന്നതില്‍ ആശങ്കയുണ്ടെന്ന് ഡെമോക്രാറ്റിക് സെനറ്റർ ചക്ക് ഷൂമറും അഭിപ്രായപ്പെട്ടിരുന്നു. 

പ്രസിഡന്റെന്ന നിലയില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സമാധാനത്തേക്കാള്‍ നല്ല വഴി യുദ്ധമാണെന്ന് ട്രംപിന് തോന്നിത്തുടങ്ങിയിട്ടുണ്ട്. ജനുവരിയിൽ വെനസ്വേലയിൽ നടന്ന ഏകപക്ഷീയ സെെനിക നടപടി ഇതിനുദാഹരണം. ഇറാനില്‍ ആക്രമണം നടത്താന്‍ കോൺഗ്രസിനോ രാജ്യത്തിനോ ബോധ്യപ്പെടുന്ന തരത്തില്‍ കൃത്യമായ കാരണങ്ങള്‍ നല്‍കാന്‍ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. അമേരിക്ക യുദ്ധത്തിലേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഭരണഘടനാപരമായ പ്രത്യേകാവകാശമുള്ള കോൺഗ്രസിനെ ഏതാണ്ട് പൂർണമായും മാറ്റിനിര്‍ത്തിയാണ് നടപടികളെല്ലാം. ട്രംപിന്റെ പ്രസംഗത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇരു പാർട്ടികളിലെയും എട്ട് കോൺഗ്രസ് നേതാക്കൾക്ക് രഹസ്യ വിവരങ്ങൾ വിശദീകരിച്ചു. എന്നാൽ രാജ്യം ഇപ്പോൾ യുദ്ധത്തിലേക്ക് പോകേണ്ടി വന്നതിന് വ്യക്തമായ കാരണം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് സെനറ്റർമാർ എതിര്‍പ്പ് രേഖപ്പെടുത്തി. 2003ൽ, ഇറാഖ് യുദ്ധത്തിനുള്ള പാത ഒരുക്കിയത് നിലവിലില്ലാത്ത കൂട്ട നശീകരണ ആയുധങ്ങളെക്കുറിച്ചുള്ള നുണകൾ കൊണ്ടാണ്. 23 വർഷങ്ങൾക്ക് ശേഷം ഇറാനിൽ ഒരു യുദ്ധമുണ്ടാക്കുന്നതും പൊരുത്തക്കേടുകള്‍ നിറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. 

Exit mobile version