Site iconSite icon Janayugom Online

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കും

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കും. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കി.അതേ സമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി.തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം പരിഗണിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചത്.തീവ്രവോട്ടര്‍ പട്ടികാ പരിഷ്‌കരണത്തെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. എസ്ഐആറിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. യു ആര്‍ രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികള്‍ എതിര്‍പ്പുയര്‍ത്തിയത്. എസ്‌ഐആര്‍ തിടുക്കപ്പെട്ട് നടപ്പിലാക്കരുതെന്നാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപി അംഗം ബി ഗോപാലകൃഷ്ണന്‍ മാത്രമാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ പിന്തുണച്ചത്.തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടിക പരിഷ്കരണം അപ്രായോഗികം ആണെന്നും എൽഡിഎഫും യുഡിഎഫും ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ അർഹരായവർ പുറത്താകും എന്ന ആശങ്കയും ഇവർ പ്രകടിപ്പിക്കുന്നുണ്ട്. 2002 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് പരിഷ്കരണത്തിലേക്ക് കടക്കുക. അതിനുശേഷം വോട്ടർ പട്ടികയിൽ ഇടം നേടിയ എല്ലാവരും അപേക്ഷാഫോം നൽകേണ്ടിവരും. മൂന്നുമാസം കൊണ്ട് വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

Exit mobile version