Site iconSite icon Janayugom Online

പ്രതീക്ഷകളിൽ ചുവടുറപ്പിച്ച് കലാമേഖല

കോവിഡ് വിതച്ച പ്രതിസന്ധികൾക്കിടയിൽ നിന്നും കലാ മേഖലയിൽ അതിജീവനത്തിന്റെ ചുവടുകൾ താളം ചവിട്ടിത്തുടങ്ങി. കലാ മേഖലയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ആയിരകണക്കിന് നൃത്താധ്യാപകരും, കലാ,സംഗീതാദ്ധ്യാപകരുമുൾപ്പെടെ പതിനായിരത്തിലേറെ കലാകാരന്മാരുടെ ജീവിതം മാസങ്ങളോളം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടുകൂടി കലാ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. കുട്ടികൾ പഴയതുപോലെ എത്തി തുടങ്ങിയില്ലെങ്കിലും തൊഴിലും വരുമാനവും നിലച്ചവർക്ക് ഇതേറെ ആശ്വാസമേകുന്നുണ്ട്. ലോക്ഡൗണിനു മുമ്പുതന്നെ നൃത്തപഠന കേന്ദ്രങ്ങളും സംഗീത ക്ലാസ്സുകളും കലാ പഠന സ്ഥാപനങ്ങളെല്ലാം അടച്ചതാണ്. പിന്നെ പലരും ഓൺലൈനിൽ പഠനം ആരംഭിച്ചുവെങ്കിലും വേണ്ടത്ര പ്രയോജനം കിട്ടിയില്ല. സ്കൂളുകളിലും വീടുകളിലും പോയി ക്ലാസ് എടുക്കുന്നതിനും കഴിയാതെ വന്നതും വലിയ ആശങ്കയിലാക്കിയിരുന്നു. 

ഇപ്പോൾ സ്കൂളുകൾ തുറന്ന് ക്ലാസുകൾ ആരംഭിച്ചതിനാൽ പ്രതീക്ഷയിലാണ് കലാധ്യാപകർ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തരം സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ചെറിയ കുട്ടികളെ ക്ലാസ്സിൽ വിടുന്നതിന് രക്ഷിതാക്കൾ താല്പര്യം കാണിക്കാത്തതിനാൽ ഇവർക്ക് ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ട്. വാടക കുടിശിക നൽകാൻ പോലും നിവൃത്തിയില്ലാതെ പലരും കെട്ടിടങ്ങൾ ഒഴിഞ്ഞിരുന്നു. പുതിയ കെട്ടിടങ്ങൾ സംഘടിപ്പിക്കാനുള്ള സാമ്പത്തിക പ്രയാസവും നേരിടുന്നുണ്ടെന്ന് കലാദ്ധ്യാപകർ പറയുന്നു.

സ്കൂൾ കലോത്സവങ്ങളും വാർഷികങ്ങളും ഉത്സവങ്ങളും അവധിക്കാല പരിപാടികളും ഇല്ലാതായതോടെ സ്ഥിരമായി എല്ലാ വർഷവും ലഭിച്ചിരുന്ന പ്രത്യേക വരുമാനമാണ് കോവിഡ് മൂലം കലാകാരന്മാർക്ക് നഷ്ടമായത്. ഇതിനോട് അനുബന്ധിച്ചുള്ള മേക്കപ്പ്, വാദ്യോപകരണങ്ങൾ, ഡാൻസ് ആവശ്യത്തിനുള്ള വസ്ത്രങ്ങൾ വാടകക്ക് നൽകുന്നവർ ഉൾപ്പെടെ മറ്റു നൂറുകണക്കിന് പേരുടെ ജീവിതവും ദുരിതത്തിലായിരുന്നു. ഇതുപോലെ സംഗീതാധ്യാപകരും ഗായകരും ചിത്രകല അഭ്യസിപ്പിക്കുന്ന കലാ അധ്യാപകരും ഉൾപ്പെടെയുള്ളവരുടെ അവസ്ഥയും മഹാ കഷ്ടത്തിലായിരുന്നു. കലാ മേഖലയിൽ നിന്നുള്ള വരുമാനം നിലച്ചതോടെ പ്രാരാബ്ധങ്ങൾ മൂലം ഒട്ടേറെ പേരാണ് മറ്റു തൊഴിൽ തേടി പോയത്. കലാമേഖല പൂർവ സ്ഥിതിയിലാകാൻ മാസങ്ങൾ എടുക്കുമെങ്കിലും ദൈനം ദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവർ.

ENGLISH SUMMARY:The art world is based on expectations
You may also like this video

Exit mobile version