Site iconSite icon Janayugom Online

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിവാദം വീണ്ടും പുകയുന്നു; ലിയോനാർഡോയുമായി കൈകോര്‍ത്ത് അഡാനി

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിവിഐപി ഹെലികോപ്റ്റർ ഇടപാടിലെ അഴിമതി ആരോപണങ്ങളെത്തുടർന്ന് കരിമ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇറ്റാലിയൻ പ്രതിരോധ കമ്പനി ലിയോനാർഡോ എസ്‌പി‌എയുമായി (മുൻപ് ഫിൻമെക്കാനിക്ക) അഡാനി ഗ്രൂപ്പ് കൈകോര്‍ക്കുന്നു. 2026 ഫെബ്രുവരി മൂന്നിന് ഡൽഹിയിൽ നടന്ന ചടങ്ങിൽ അഡാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിയോനാർഡോയുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഇന്ത്യൻ സായുധ സേനയുടെ ആവശ്യങ്ങൾക്കായി ആഭ്യന്തരമായി ഹെലികോപ്റ്ററുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. ലിയോനാർഡോയുടെ അത്യാധുനിക ഹെലികോപ്റ്ററുകളായ എഡബ്ല്യു 169എം, എഡബ്ല്യു 109 ട്രെക്കര്‍ എം എന്നിവ ഇന്ത്യയിൽ നിർമ്മിക്കും.
ഹെലികോപ്റ്റർ നിർമ്മാണത്തിന് പുറമെ, അറ്റകുറ്റപ്പണികൾ, പൈലറ്റ് പരിശീലനം, സാങ്കേതിക കൈമാറ്റം എന്നിവയും കരാറിന്റെ ഭാഗമാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ആയിരത്തിലധികം ഹെലികോപ്റ്ററുകളുടെ ആവശ്യം ഇന്ത്യൻ സേനയ്ക്കുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. 2010‑ലെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിനെത്തുടർന്ന് യുപിഎ സർക്കാരിന്റെ കാലത്താണ് ഫിൻമെക്കാനിക്കയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ 2021‑ൽ മോഡി സർക്കാർ ലിയോനാർഡോയ്ക്ക് മേലുള്ള നിരോധനം ഭാഗികമായി നീക്കിയിരുന്നു.
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ബ്രിട്ടീഷ് പൗരൻ ക്രിസ്റ്റ്യൻ മിഷേൽ കഴിഞ്ഞ ഏഴ് വർഷമായി തിഹാർ ജയിലിൽ കഴിയുകയാണ്. 2025 ഡിസംബറിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മിഷേലിന് ജാമ്യം ലഭിച്ചെങ്കിലും സിബിഐയുടെ അഴിമതിക്കേസിൽ വിചാരണ പൂർത്തിയാകാത്തതിനാൽ അദ്ദേഹം ഇപ്പോഴും ജയിലിലാണ്.
കമ്പനി പേര് മാറ്റിയതിലൂടെ പഴയ അഴിമതി ആരോപണങ്ങൾ വിസ്മരിക്കപ്പെടുകയാണെന്നും അഡാനി ഗ്രൂപ്പിന് പ്രതിരോധ മേഖലയിൽ വഴിവിട്ട സഹായം നൽകാനാണ് നിരോധനം നീക്കിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2023‑ൽ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിചാരണയിൽ നിന്ന് ഒഴിവാക്കാൻ സിബിഐ നൽകിയ അപേക്ഷ കോടതി അനുവദിച്ചിരുന്നു. ഇത് അഡാനി — ലിയോനാർഡോ സംയുക്ത സംരംഭത്തിന് പാതയൊരുക്കാനാണെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ, ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടാനാണ് ഈ നീക്കമെന്നാണ് കേന്ദ്ര സർക്കാരും അഡാനി ഗ്രൂപ്പും വാദിക്കുന്നു.

Exit mobile version