Site iconSite icon Janayugom Online

സഹായ ഇടനാഴി തുറക്കും; റാഫ അതിര്‍ത്തിയിലൂടെ ഈജിപ്തില്‍ നിന്നും ട്രക്കുകള്‍ കടത്തിവിടും

ഈജിപ്റ്റിൽനിന്ന് ഗാസയിലെ ജനങ്ങൾക്കുള്ള സഹായ ഇടനാഴി തുറക്കുന്നു. ലോകം ഞെട്ടിയ അല്‍ അഹ്‌ലി ആശുപത്രിയിലെ കൂട്ടക്കുരുതിയില്‍ ആഗോളതലത്തില്‍ ഇസ്രയേലിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മാനുഷിക സഹായം എത്തിക്കാൻ ഇസ്രയേല്‍ നിര്‍ബന്ധിതമായത്.
ഈജിപ്റ്റ് — ഗാസ അതിർത്തി തുറക്കാനും ആദ്യഘട്ടത്തിൽ 20 ട്രക്കുകളിൽ സഹായമെത്തിക്കാനും ഈജിപ്റ്റുമായി ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് അറിയിച്ചത്. ഹമാസ് ഇവ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സഹായങ്ങള്‍ പൂർണമായി അവസാനിപ്പിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലായിരിക്കും സഹായവിതരണം.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ഗാസയിലേക്കുള്ള വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം എന്നിവയുടെ വിതരണം ഇസ്രയേൽ തടഞ്ഞിരുന്നു. സഹായമെത്തിക്കാൻ ഈജിപ്റ്റ് തയ്യാറായിരുന്നെങ്കിലും ഇസ്രയേൽ അതിർത്തി മേഖലയിൽ ആക്രമണം നടത്തുന്നതിനാല്‍ കഴിഞ്ഞില്ല. മാനുഷിക സഹായം നല്‍കുന്നതിന് മാത്രമാണ് അതിര്‍ത്തി തുറക്കുന്നതെന്നും അഭയാര്‍ത്ഥി പ്രവാഹം അനുവദിക്കില്ലെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി പറഞ്ഞു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 100 ദശലക്ഷം ഡോളറിന്റെ അധിക സഹായം അമേരിക്ക എത്തിക്കുമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

നാല് ഇന്ത്യക്കാര്‍ ഗാസയില്‍ കുടുങ്ങി 

ന്യൂഡല്‍ഹി: ഗാസയില്‍ നാല് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും നിലവിലെ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ ദുഷ്കരമാണെന്നും വിദേശകാര്യ മന്ത്രാലയം. ഗാസയില്‍ നിന്ന് ഒഴിപ്പിക്കല്‍ ശ്രമകരമാണ്. അവസരം ലഭിച്ചാല്‍ അകപ്പെട്ടിരിക്കുന്നവരെ തിരികെയെത്തിക്കുമെന്നും ഇവരില്‍ ഒരാള്‍ വെസ്റ്റ്ബാങ്കിലാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഗാസയില്‍ ഇന്ത്യക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. ദക്ഷിണ ഇസ്രയേലിലെ ആഷ്കലോണില്‍ കെയർഗിവറായി ജോലി ചെയ്യുന്ന മലയാളി യുവതിക്ക് ഹമാസിന്റെ ആക്രമണത്തില്‍ പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.
അതിനിടെ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ സംഭാഷണം നടത്തി. പലസ്തീൻ ജനതയ്ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് മോഡി പറഞ്ഞു. മേഖലയിലെ തീവ്രവാദം, അക്രമം, സുരക്ഷാ വീഴ്ച എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തിയെന്നും ഇസ്രയേല്‍-പലസ്തീൻ പ്രശ്നത്തിലെ ഇന്ത്യൻ നയം ആവര്‍ത്തിച്ചെന്നും മോഡി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. 

മരണം 3,600

ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണം 3,600 ആയി. ഇന്നലെ റാഫയ്ക്ക് സമീപം തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളും ആക്രമിച്ചു. ഇതില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പലസ്തീനികളും കൊല്ലപ്പെട്ടു. 

Eng­lish Sum­ma­ry: The aux­il­iary cor­ri­dor will open; Trucks from Egypt will pass through the Rafah border

you may also like this video

Exit mobile version