Site icon Janayugom Online

മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കും: മന്ത്രി വീണാ ജോര്‍ജ്ജ്

സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ്. ഏറ്റവും മികച്ച ചികിത്സയാണ് മെഡിക്കല്‍ കോളജുകള്‍ വഴി നല്‍കുന്നത്. അക്കാഡമിക് രംഗത്തും മെഡിക്കല്‍ കോളജുകള്‍ വലിയ മികവാണ് പുലര്‍ത്തുന്നത്. സര്‍ക്കാരിനെ സംബന്ധിച്ച് ഈ അഞ്ച് വര്‍ഷം ആരോഗ്യ മേഖലയില്‍ പ്രത്യേകിച്ചും മെഡിക്കല്‍ കോളജുകളില്‍ ഗവേഷണത്തിന് വലിയ പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോകും. ഇതിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അലുമ്‌നി അസോസിയേഷന്‍ ‘മെഡിക്കല്‍ ഗവേഷണം എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം’ എന്ന പേരില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ രംഗത്ത് ഗവേഷണത്തിന് വലിയ സാധ്യതയാണുള്ളത്. ഗവേഷണം നടത്താന്‍ കഴിവും താല്പര്യവും മനസും പ്രതിഭയുമുള്ള ധാരാളം ഡോക്ടര്‍മാരുണ്ട്. അവരുടെ ഗവേഷണത്തിലൂടെ ആരോഗ്യ മേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. മെഡിക്കല്‍ രംഗത്ത് ലോകത്തങ്ങളോമിങ്ങോളം ധാരാളം പ്രിഭാശാലികളായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ നമുക്കുണ്ട്. ഇവരെകൂടി സഹകരിച്ച് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

ഗവേഷണ രംഗത്തുള്ള പ്രമുഖരെ ഉള്‍ക്കൊള്ളിച്ച് മെഡിക്കല്‍ കോളജ് അലുമ്‌നി അസോയേഷന്‍ മെഡിക്കല്‍ ഗവേഷണത്തെപ്പറ്റിയുള്ള ശില്പശാല സംഘടിപ്പിച്ചത് പ്രശംസനീയമാണ്. ഇത് നല്ല തുടക്കമാകട്ടെ. ഇവിടെ ഒതുങ്ങി നില്‍ക്കാതെ ഇത് കൂടുതല്‍ ഫലപ്രദമാകട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മോഹനന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഡോ. എം ആര്‍ എസ് മേനോന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം കെ സി നായര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എസ് വാസുദേവന്‍, ഡോ. വി സി മാത്യു റോയി മെഡിക്കല്‍ അക്കാഡമി ചെയര്‍മാന്‍ ഡോ. കെ ആര്‍ വിനയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

eng­lish sum­ma­ry; The award for best research will be con­sid­ered; veena george

you may also like this video;

Exit mobile version